കാനായി കുഞ്ഞിരാമന്റെ ശിൽപങ്ങൾക്ക് പറയാൻ കഥകളേറെയാണ്. മാറ് വിരിച്ച്, കാലുകൾ വിടർത്തി, കൈകൾ പിന്നോട്ടാച്ച് നഗ്നസ്ത്രീ ഉടലുള്ള മലമ്പുഴയിൽ കാനായി തീർത്ത യക്ഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ആ ശിൽപത്തിന്റെ പിറവിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാനായി. 'മലമ്പുഴ ഉദ്യാനത്തിൽ ശിൽപമുണ്ടാക്കണം എന്ന മോഹം മൊട്ടിട്ടപ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തിയത് "പാലക്കാട്ടി"ലെ പാലയും കാടുമായിരുന്നു. കാലുകൾ നീട്ടി, മാറിടം ഉയർത്തി, അർദ്ധമയക്കത്തിൽ ആകാശത്തേക്ക് കണ്ണ് ഉയർത്തി മുടിയിഴകളിൽ വിരലോടിക്കുന്ന യക്ഷിരൂപത്തിന് അംഗീകാരങ്ങളേക്കാൾ ഏറെ കിട്ടിയത് വിമർശനങ്ങളായിരുന്നു.
അവളുടെ രൂപവും കാഴ്ചയും പലരിലും അസ്വസ്ഥതയുണർത്തി. പല പ്രതിസന്ധികളും പലയിടങ്ങളിൽ നിന്നായി ഉയർന്നു. പക്ഷേ വരാൻ പോകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് സ്വപ്നം കണ്ട ശിൽപം പൂർത്തിയാക്കി. വർഷങ്ങൾക്കിപ്പുറം തലസ്ഥാനനഗരിയിൽ ചിപ്പിക്കുള്ളിൽ നിന്നും സാഗരകന്യക പുറന്തോട് പൊട്ടിച്ച് കടൽത്തീരത്ത് തിരശ്ചീന തലത്തിൽ വിശ്രമിക്കാനൊരുങ്ങിയപ്പോൾ പലരും കണ്ണ് പൊത്തി. പ്രതിസന്ധികൾ പിന്നെയും നേരിടേണ്ടി വന്നു. അങ്ങനെ ഒട്ടുമിക്ക ശിൽപങ്ങൾക്കൊപ്പവും തടസങ്ങളും കൂട്ടിനുണ്ടായിരുന്നു.
മദ്രാസിലെ സ്കൂൾ ഒഫ് ആർട്സിൽ ശിൽപകല ഐഛിക വിഷയമായെടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ചിത്രകാരനായ റോയ് ചൗധരിയായിരുന്നു അന്നത്തെ പ്രിൻസിപ്പൽ. കെ.സി.എസ് പണിക്കർ കരുത്തും തണലും പകർന്നു. പ്രൊഫ. എസ്. ധനപാൽ ശിൽപകലയിലെ ഗുരുവായിരുന്നു. ചെമ്പ് തകിടിൽ മാതൃസങ്കൽപശിൽപം ചെയ്ത് പഠനസമയത്ത് തന്നെ തകരശിൽപ നിർമ്മാണരംഗത്തെ തുടക്കക്കാരനായി. ഒന്നാം ക്ലാസോടെ വിജയം വരിച്ചതിനുശേഷം മദ്രാസിലെ എത്തിരാജാ വനിതാ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. അത് കഴിഞ്ഞ് 1961ൽ ദേശീയ സ്കോളർഷിപ്പോടെ പഠനം തുടർന്നു. പിന്നീട് കോമൺ വെൽത്ത് സ്കോളർഷിപ്പോടെ 1965ൽ ലണ്ടൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ആഗോള പ്രശസ്തമായ സ്ളേഡ് സ്കൂൾ ഒഫ് ആർട്സിൽ ചേർന്നു. വെൽഡിംഗ് ശിൽപനിർമ്മിതി അഭ്യസിച്ചത് ഇവിടെ വച്ചാണ്.