pakistan

ഇസ്ലാമാബാദ്: ഇന്ത്യയുടെ അഗ്നി -2 ബാലിസ്റ്റിക് മിസൈൽ പരീക്ഷണവിജയത്തിന് പിന്നാലെ, മിസൈൽ പരീക്ഷണവുമായി പാകിസ്ഥാനും. ഭൂതല ബാലിസ്റ്റിക് മിസൈലായ ഷഹീൻ -1 ആണ് ഇന്നലെ പാകിസ്ഥാൻ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്ഥാൻ ആർമി സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡ് അറിയിച്ചു. ഷഹീൻ -1 മികച്ച മിസൈൽ ആണെങ്കിലും 650 കിലോമീറ്റർ മാത്രമേ സഞ്ചരിക്കൂ. അഗ്നി - 2ന് വഹിക്കാൻ കഴിയുന്നത്ര ഭാരം വഹിക്കാനും പാക് മിസൈലിന് ശേഷിയില്ല. എന്നാൽ, പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഷഹീൻ -1 സഹായിക്കുമെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

ഒഡിഷയിലെ അബ്‌ദുൾ കലാം ദ്വീപിൽ നിന്ന് ശനിയാഴ്‌ചയാണ് ഭൂതല - ഭൂതല ബാലിസ്റ്റിക് മിസൈലായ അഗ്നി 2 ഇന്ത്യ പരീക്ഷിച്ചത്. ഡി.ആർ.ഡി.ഒയുടെ മികച്ച കണ്ടെത്തലായി വിലയിരുത്തുന്ന അഗ്നി- 2 ഇന്ത്യ സായുധ സേനയുടെ ഭാഗമാക്കി. 20 മീറ്റർ നീളമുള്ള ബാലസ്‌റ്റിക് മിസൈലായ അഗ്നി 2, 2,000 കിലോമീറ്റർ സഞ്ചരിക്കാനും 1000 കിഗ്രാം ഭാരം വഹിക്കാനും ശേഷിയുള്ളതാണ്.