തിരുവനന്തപുരം: ടെക്നോപാർക്കിൽ സ്‌മാർട്ട് സ്റ്റേഷന് സഹായം തേടിപ്പോയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ദുബായ് പൊലീസിന്റെ അത്യാധുനിക സ്‌മാർട്ട് ആപ്ലിക്കേഷനും സ്വന്തമാക്കിയാണ് തിരിച്ചെത്തിയത്. വാഹനക്കുരുക്കുൾപ്പെടെ റോഡിലെ പ്രശ്നങ്ങൾ അറിയാനും ക്രിമിനൽ പരാതി വരെ നൽകാനും ഇതിൽ ഓപ്ഷനുണ്ട്. 'ആപ്പൊരുക്കാൻ' ദുബായ് പൊലീസ് ഉടനെത്തും.
പൊതുജനത്തിന് അങ്ങോട്ടും പൊലീസിന് തിരിച്ചും എളുപ്പത്തിൽ വിവരങ്ങൾ കൈമാറാമെന്നതാണ് ഏറ്റവും വലിയ ഗുണം. എസ്.ഒ.എസ് ബട്ടനിൽ വിരൽ അമർത്തിയാൽ സഹായം തേടുന്നയാൾ എവിടെയാണെന്ന് പൊലീസ് കൃത്യമായി മനസിലാക്കും. എമർജൻസി അലർട്ട് സംവിധാനമുപയോഗിച്ചാൽ പൊലീസ് കുതിച്ചെത്തും.
അപകടത്തിൽ പെടുന്നവർക്ക് അപകടസ്ഥലം, പരിക്കേറ്റവരുടെയും വാഹനത്തിന്റെയും വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോ എന്നിവ അപ്‌ലോഡ് ചെയ്യാം. ഞൊടിയിടയിൽ ആംബുലൻസെത്തും. ആശുപത്രിയിൽ ട്രോമാകെയർ സൗകര്യമുൾപ്പെടെ സജ്ജമാവും.
സന്നദ്ധസേവനം നടത്താൻ താത്പര്യമുള്ളവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാം. ഉന്നത പൊലീസുദ്യോഗസ്ഥരുമായി ചാറ്റിംഗിനും അവസരമുണ്ടാവും.
നിത്യേന യാത്രചെയ്യുന്ന വഴി 'സേവ് ' ചെയ്തിട്ടാൽ ഗതാഗതക്കുരുക്കുണ്ടെങ്കിൽ മറ്റ് വഴികൾ നിർദ്ദേശിക്കും. സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് 'പൊലീസ് കണ്ണ്' എന്ന സംവിധാനമുണ്ട്. സൈബർ സുരക്ഷാ കേസുകളും റിപ്പോർട്ട് ചെയ്യാം.
പരാതിക്കാരുടെയും കുറ്റവാളികളുടെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണ് സ്‌മാർട്ട് ആപ്പിന്റെ പ്രവർത്തനം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായിരിക്കും ആപ്പ്.
ആപ്പ് വിശേഷം
1. ഡ്രൈവ് മോഡ്
ഗതാഗതക്കുരുക്ക്, യാത്രാപാത, അപകടങ്ങൾ എന്നിവ അറിയാം
2. മൈ മാപ്പ്
അടുത്തുള്ള സ്റ്റേഷൻ, ആശുപത്രി, ഫാർമസി, എ.ടി.എം എന്നിവയറിയാം
3.ആൾ ഇൻ വൺ കാമറ
നിയമലംഘനം,അപകടം, കുറ്റകൃത്യം എന്നിവയുടെ ചിത്രം, വീഡിയോ അയയ്ക്കാം
4. 'ഹോം സെക്യൂരിറ്റി'
യാത്രപോവുന്ന സ്ഥലം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ അറിയിക്കാം. വീട് പൊലീസ് നിരിക്ഷണത്തിലാക്കും
5. ഡ്രൈവറെ അറിയാൻ
ഓൺലൈൻ ടാക്സി ഡ്രൈവറുടെ വിരലടയാളം സ്‌മാർട്ട് ആപ്പിൽ പതിപ്പിച്ചാൽ അയാളുടെ വിവരങ്ങൾ പരിശോധിച്ച് അറിയിക്കും
മറ്റ് സേവനങ്ങൾ
ട്രാഫിക് പിഴ അടയ്ക്കാം, സർട്ടിഫിക്കറ്രുകൾക്ക് അപേക്ഷിക്കാം, വസ്തുവകകൾ നഷ്ടപ്പെട്ടാൽ പരാതിപ്പെടാം, വിനോദസഞ്ചാരികൾക്ക് സുരക്ഷ, അപേക്ഷകളുടെ തത്‌സ്ഥിതി അറിയാം
''ഏറെ ഗുണങ്ങളുള്ള ആപ്ളിക്കേഷൻ. വീട്ടിലിരുന്നും പരാതി നൽകാം. അന്വേഷണത്തിനും എളുപ്പമാണ്.''
ലോക്നാഥ് ബെഹ്റ,
പൊലീസ് മേധാവി