ലണ്ടൻ: ഫേസ്ബുക്കിന്റെ നഗ്നതാനയത്തിനെതിരെ സ്ത്രീകളുടെ പ്രതിഷേധം. ലണ്ടനിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ഭീമൻ സ്തനത്തിന്റെ ഇൻസ്റ്റലേഷനുമായാണ് സ്ത്രീകൾ പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കൽ ടാറ്റൂ ആർട്ടിസ്റ്റായ വിക്കി മാർട്ടിൻ നിർമ്മിച്ച ഭീമൻ സ്തനത്തിന്റെ മാതൃകയുമായാണ് സ്ത്രീകൾ തെരുവിലിറങ്ങിയത്. ഫേസ്ബുക്കിലെ നിപ്പിൾ പോലീസിങ് പോളിസിയോടുളള ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവർ വ്യത്യസ്തമായ ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ത്രീഡി രൂപത്തിലുള്ള അരിയോള ടാറ്റൂസ് സ്ത്രീകൾക്കായി ചെയ്തുകൊടുക്കുന്ന ടാറ്റൂ ആർട്ടിസ്റ്റാണ് മാർട്ടിൻ. സ്തനാര്‍ബുദത്തെ തുടര്‍ന്ന് മാസ്‌റ്റെക്ടമി ചെയ്ത സ്ത്രീകൾക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മുലക്കണ്ണ് നഷ്ടമാകും. ഇവർക്ക് മാർട്ടിൻ അരിയോള (മുലക്കണ്ണിന് ചുറ്റുമുള്ള ചർമം) ടാറ്റൂ രൂപത്തിൽ ചെയ്തുകൊടുക്കുന്നു. ഇത് ആളുകളിലേക്കെത്തിക്കാനായി കണ്ടന്റുകള്‍ പങ്കുവെക്കപ്പെടുമ്പോള്‍ അശ്ലീലമായി കണ്ട് ഫേസ്ബുക്ക് തടയുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സ്തനാർബുദ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കഷ്ടപ്പാടുകൾക്കിടയിലും തങ്ങൾ പൂർണരാണെന്ന് മറ്റ് സ്ത്രീകളോട് പറയാനുള്ള അവകാശമാണ് ഫേസ്ബുക്കിന്റെ നയങ്ങളിലൂടെ നഷ്ടപ്പെടുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മാർട്ടിൻ ബി.ബി.സിയോട് പറഞ്ഞു.
മാർട്ടിനൊപ്പം സ്തനാർബുദ ബാധിതരും സ്തനാർബുദത്തെ അതിജീവിച്ചവരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സ്തനാർബുദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചും, അതിജീവിച്ചവരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന കടുത്തനിയന്ത്രണങ്ങൾ തടസമാകുന്നതിനെ കുറിച്ചും ബോദ്ധ്യപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം.
മാസ്‌റ്റെക്ടമി കഴിഞ്ഞ സ്ത്രീകൾക്ക് മഷി ഉപയോഗിച്ച് ത്രീഡി നിപ്പിൾ നിർമ്മിച്ചുനല്‍കിയ കെറി ഇൻവിംഗ് എന്ന ബ്രിട്ടീഷ് മേക്കപ്പ് ആർട്ടിസ്റ്റിനെയും ഇതിന് മുൻപ് ഫേസ്ബുക്ക് തടഞ്ഞിട്ടുണ്ട്.