തന്റെ കമ്പനിയുടെ വാർത്തകൾ പ്രഖ്യാപിക്കാൻ ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാദ്ധ്യമമാണ് ട്വിറ്റർ, കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും ട്വിറ്ററിൽ തിരിച്ചെത്തി. തന്റെ കമ്പനി പുതുതായി അവതരിപ്പിക്കുന്ന പിക്കപ്പ് ശ്രേണിയിലെ സൈബർട്രക്കിനെ കുറിച്ച് അറിയിക്കാനാണ് അദ്ദേഹം ട്വിറ്ററിൽ തിരിച്ചെത്തിയത്.എന്നാൽ സൈബർ ട്രക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഈ മാസം 21ന് ലോസ് ആഞ്ചലസിലെ സ്പേസ് എക്സ് റോക്കറ്റ് ഫാക്ടറിക്ക് സമീപത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇതിനെ കുറിച്ച് വെളിപ്പെടുത്തുമെന്നാണ് എലോൺ മസ്ക് അറിയിച്ചത്. ഇതോടെ പുതുപുത്തൻ സൈബർ ട്രക്ക് എങ്ങനെയായിരിക്കുമെന്ന ആകാക്ഷയിലാണ് വാഹനപ്രമികൾ.
ദീർഘനാളായി കാത്തിരിക്കുന്ന ടെസ്‌ലയുടെ പിക്കപ്പ് ശ്രേണിയിലെ വാഹനം ഇതാവുമെന്ന കാര്യത്തിൽ സംശയമില്ല. തങ്ങളുടെ പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഓട്ടോ ഷോകളെ ആശ്രയിക്കാത്ത ഒരു കമ്പനിയാണ് ടെസ്‌ല. സ്വന്തമായി പരിപാടികൾ സംഘടിപ്പിച്ച് വാഹനങ്ങളെ പരിചയപ്പെടുത്തുന്ന രീതിയാണ് എലോൺ മസ്കിനുള്ളത്. എന്നാൽ ഇത്തവണ ലോസ് ആഞ്ചലസ് ഓട്ടോ ഷോ നടക്കുന്ന സമയത്ത് തന്നെയാണ് തങ്ങളുടെ പുതിയ പിക്കപ്പ് മോഡലിനെ പരിചയപ്പെടുത്താൻ തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്.
Cybertruck unveil on Nov 21 in LA near SpaceX rocket factory
— Elon Musk (@elonmusk) November 6, 2019
ടെസ്‌ല പിക്കപ്പ് ട്രക്കിന് 50,000 ഡോളറിൽ താഴെ വിലയുണ്ടാകുമെന്നാണ് എലോൺ മസ്ക് അറിയിച്ചിരിക്കുന്നത്. ഫോർഡ് എഫ് 150ന്റെ കഴിവുകളെ മറികടക്കാനുള്ള ശേഷി സൈബർ ട്രക്കിനുണ്ടെന്നുമാണ് മസ്കിന്റെ അവകാശവാദം. ഇത് കൈവരിക്കുന്നതിനായി ഉയർന്ന ടോർക്ക് ഉൽപാദിപ്പിക്കേണ്ടതുണ്ട്. ഇതിനായി സൈബർട്രക്കിന് ഇരട്ട ഇലക്ട്രിക് മോട്ടോറുകളും ഓൾ-വീൽ ഡ്രൈവും ഉണ്ടായിരിക്കുമെന്ന് എലോൺ മസ്ക് അറിയിച്ചിട്ടുണ്ട്. കൂടാതെ സൈബർ ട്രക്ക് പോർഷെ 911നെ മറികടക്കുമെന്നും മസ്ക് അവകാശപ്പെട്ടിട്ടുണ്ട്. ടെസ്ലയുടെ പുതിയ മോഡൽ വാഹനപ്രേമികളിൽ ആകാംക്ഷയുണർത്തുമ്പോൾ തങ്ങൾക്ക് തിരിച്ചടിയാവുമെന്ന ഭയത്തിലാണ് മറ്റ് കമ്പനികൾ.