ജെ.എന്‍.യു കാമ്പസിലും നിരോധനാജ്ഞ. വിദ്യാര്‍ത്ഥി മാര്‍ച്ചിന്റെ വഴി മാറ്റി..
1. ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. കോളജിന്റെ പ്രധാന ഗേറ്റില്‍ എത്തിയപ്പോഴാണ് മാര്‍ച്ച് പൊലീസ് തടഞ്ഞത്. വിദ്യാര്‍ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂണിയന്‍ നേതാക്കളടക്കം 58 വിദ്യാര്‍ഥികളാണ് കസ്റ്റഡിയിലുള്ളത്. കാമ്പസില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
2. രാവിലെ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രധാനഗേറ്റില്‍ സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചു. പൊലീസ് ഭീതി പരത്താന്‍ ശ്രമിക്കുകയാണെന്നും കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് മര്‍ദനമേറ്റതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. മാര്‍ച്ചിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന പാതയില്‍ നിന്ന് മാറിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്.
3. അതിനിടെ ജെ.എന്‍.യു സമരത്തില്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യു.ജി.സി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ച ആയാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
4. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പാര്‍ലമെന്റിന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം. എന്‍.കെ.പ്രേമചന്ദ്രന്‍, കനിമൊഴി എന്നിവരാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. മദ്രാസ് ഐ.ഐ.ടിയിലെ മൂന്ന് പ്രഫസര്‍മാര്‍ക്ക് എതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എഫ്.ഐ.ആര്‍ പോലും ഇടാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് എം.പിമാര്‍ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം തുടര്‍ക്കഥ ആയിരിക്കുക ആണെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ പോലുള്ള ഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്തണം എന്നും പ്രേമചന്ദ്രനും കനിമൊഴിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുക ആണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ മറുപടിയില്‍ തൃപ്തരാകാതെ വന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍ ബഹളം വച്ചു.
5. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് ഉണ്ടായ നിലപാട് മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍. വൈകി വന്ന വിവേകമേ നിന്നെ ഞാന്‍ പിണറായി ഭരണം എന്ന് വിളിക്കട്ടെ എന്ന് ചോദിച്ചു കൊണ്ട് ഫെയ്സ് ബുക്കിലൂടെ ആണ് വിമര്‍ശനം. മലയാളി സമൂഹത്തിന്റെ മുന്നില്‍ നീറോ ചക്രവര്‍ത്തിയുടെ തുഗ്ലക് അവതാരമായി പിണറായി സര്‍ക്കാര്‍ മാറി എന്നു ഷിബു ബേബി ജോണ്‍
6. പൊതുമേഖലാ കമ്പനിയായ ഭാരത് പെട്രോളിയം വില്‍ക്കുന്നതിന് എതിരെയുള്ള പ്രതിഷേധം പാര്‍ലമെന്റില്‍ അറിയിച്ച് എറണാകുളം എം.പി ഹൈബി ഈഡന്‍. വലിയ രാജ്യ സ്‌നേഹം പറയുന്നവര്‍ ഓരോ ദിവസവും രാജ്യത്തെ വില്‍ക്കുക ആണ്. വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.പി.സി.എല്ലിനെ പോലെ ഒരു പൊതുമേഖലാ സ്ഥാപനം വില്‍ക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ എന്നും ഹൈബി
7. സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതിനോട് തത്വത്തില്‍ എതിര്‍പ്പില്ല എന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എന്നാല്‍ നടപ്പാക്കുന്നതിന് മുന്‍പ് പ്രായോഗികത പരിശോധിക്കും. ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂ. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പോയിട്ടില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു
8. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണ പ്രതിസന്ധിയില്‍ പ്രത്യക്ഷ സമരവുമായി ഭരണ പക്ഷ സംഘടനകളും. മുഴുവന്‍ ശമ്പളവും ഉടന്‍ നല്‍കണം എന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ സി.ഐ.ടി.യു അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത മന്ത്രി വേണ്ടത്ര ഇടപെടുന്നില്ല എന്ന് ആരോപണം. ഈ മാസം പകുതി പിന്നിട്ടിട്ടും 15 ദിവസത്തെ ശമ്പളം മാത്രമാണ് കെ.എസ്,ആര്‍.ടി.സി വിതരണം ചെയ്തത്
9. കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരം ആണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെ അധികം അശങ്കാകുലം ആണെന്നും ദേശീയ മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ മന്‍മോഹന്‍ സിംഗ്
10. ജെ.എന്‍.യുവിലെ പൊലീസ് നടപടിയെ അപലപിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജെ.എന്‍.യുവില്‍ നടത്തുന്നത് മോദി മോഡല്‍ അടിയന്തരാവസ്ഥ ആണ്. ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വത്കരണത്തിന് എതിരെ ഡിസംബറില്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിന് സി.പി.എം ഒരുങ്ങുക ആണ് എന്നും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത് എന്നും യെച്ചൂരി പറഞ്ഞു
11. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ ക്രിക്കറ്റ് മത്സരം കാണാന്‍ പോയ സംഭവത്തില്‍ തനിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ക്രക്കറ്റ് താരവും ബി.ജെ.പി എം.പിയും ആയ ഗൗതം ഗംഭീര്‍. താന്‍ ജിലേബി തിന്നതാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണം എങ്കില്‍ ജിലേബി തീറ്റ നിര്‍ത്തുക ആണെന്ന് ഗംഭീര്‍ പറഞ്ഞു. തന്നെ കളി ആക്കുന്നതിന് പകരം മലിനീകരണത്തിന് എതിരെ പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ ഇന്ന് നല്ല വായു ശ്വസിക്കാന്‍ സാധിച്ചേനെ എന്നും ഗംഭീര്‍ കുറ്റപ്പെടുത്തി.
12. മമ്മൂട്ടി നായകന്‍ ആയി മൂന്ന് ഭാഷകളില്‍ പുറത്ത് ഇറങ്ങിയ മൂന്ന് ചിത്രങ്ങള്‍ക്ക് ഫിലീം ഫെയര്‍ അവാര്‍ഡിന് നോമിനേഷന്‍. ഫിലിം ഫെയറിന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം ആയാണ് ഒരു നടന്റെ മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് നോമിനേഷന്‍ നേടുന്നത്. ഖാലിദ് റഹ്മാന്റെ മലയാളം ചിത്രം ഉണ്ട, റാമിന്റെ തമിഴ്ചിത്രം പേരന്‍പ്, വൈ.എസ്.ആറിന്റെ ജീവിത കഥ പറയുന്ന കന്നഡ ചിത്രം യാത്ര എന്നീ സിനിമകള്‍ ആണ് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്