ചെന്നൈ: ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് മദ്രാസ് ഐ.ഐ.ടി. പുറത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ആഭ്യന്തരമായ അന്വേഷണം നടത്താനാകില്ലെന്നാണ് ഐ.ഐ.ടിയുടെ നിലപാട്. ഇതോടെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐ.ഐ.ടി വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. രാവിലെ 11 മണിയോടെയാണ് വിദ്യാർത്ഥികൾ കാമ്പസിൽ നിരാഹാര സമരം ആരംഭിച്ചത്. ചിന്ത ബാർ എന്ന എന്ന കൂട്ടായ്മയുടെ പ്രവർത്തകരായ അസർ, ജസ്റ്റിൻ എന്നീ വിദ്യാർത്ഥികളാണ് ഇപ്പോൾ നിരാഹാരം കിടക്കുന്നത്.
അതിനിടെ ആരോപണ വിധേയരായ മൂന്ന് അദ്ധ്യാപകരും ചോദ്യം ചെയ്യലിന് സെൻട്രൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയില്ല . മതപരമായ വിവേചനം നടത്തിയെന്ന ആരോപണം നേരിടുന്ന സുദർശൻ പത്മനാഭൻ ,സഹഅദ്ധ്യാപകരായ മിലിന്ദ് ,ഹരിപ്രസാദ് എന്നിവർക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നത്.
എന്നാൽ ഈ വർഷം തന്നെ കാമ്പസിൽ വേറെയും ആത്മഹത്യകളുണ്ടായപ്പോഴും ഐ.ഐ.ടി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു
അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണത്തെ സംബന്ധിച്ച് ലോക്‌സഭയിൽ പ്രത്യേക ചർച്ച നടക്കുന്നു. ഡി.എം.കെ എം.പിമാരുടെയും എം.കെ പ്രേമചന്ദ്രൻ എം.പിയുടെയും ആവശ്യപ്രകാരമാണ് ഇത്.