ഭൂട്ടാൻ: അതിർത്തി പ്രദേശമായ കാലാപാനി തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നും മേഖലയിൽ നിന്ന് ഇന്ത്യ എത്രയും വേഗം സൈന്യത്തെ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് നേപ്പാൾ രംഗത്ത്. നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആദ്യമായാണ് കാലാപാനി പ്രദേശത്തിനുള്ള അവകാശവാദം നേപ്പാൾ പരസ്യമായി ഉന്നയിക്കുന്നത്. നേപ്പാളിന്റെ ഒരു ഇഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ഇന്ത്യയെ അനുവദിക്കില്ലെന്നും കെ.പി. ശർമ ഒലി പറഞ്ഞു.
ജമ്മു കാശ്‌മീർ വിഭജനത്തെ തുടർന്ന് ഇന്ത്യ പരിഷ്‌കരിച്ച് പുറത്തുവിട്ട ഭൂപടത്തിനെതിരെ നേരത്തെ നേപ്പാൾ രംഗത്തുവന്നിരുന്നു. ഭൂപടത്തിൽ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാൾ അധീനതയിൽ ഉള്ളതാണെന്നായിരുന്നു അവകാശവാദം. അതേസമയം, കാലാപാനി നേപ്പാളിന്റെതാണെന്ന ഒലിയുടെ പ്രസ്താവനയെ കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
# നേപ്പാളിന്റെ പശ്ചിമ മേഖലയിലെ അതിർത്തിയിൽ, ഉത്തരാഖണ്ഡിലെ പിത്തോറഘട്ടിൽ സ്ഥിതിചെയ്യുന്നു
# ഇന്ത്യയും നേപ്പാളും ടിബറ്റും ഒത്തുചേരുന്ന സ്ഥലം
# 372 ചതുരശ്ര കിലോമീറ്റർ വിസ്തീർണം
# നേപ്പാൾ രാജാവായിരുന്ന മഹേന്ദ്ര 1962 ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ഇന്ത്യയ്ക്ക് കൈമാറിയതാണ് കാലാപാനി
# എന്നാൽ ഇപ്പോൾ ഇത് നേപ്പാൾ അംഗീകരിക്കുന്നില്ല
# ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ നേപ്പാളിൽ പ്രതിഷേധം