-sabarimala-protest

കൊച്ചി : വിവാഹിതരും വിവാഹ മോചിതരുമായ സ്ത്രീകൾ നീതി തേടി ഗതികെട്ട് അലയുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതികൾക്ക്, പ്രത്യേകിച്ച് കുടുംബക്കോടതികൾക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി.

ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ 10 വർഷം മുമ്പ് നൽകിയ ഹർജി വീണ്ടും പരിഗണിക്കാൻ കുടുംബക്കോടതിയോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് വടുതല സ്വദേശിനി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. യുവതിയുടെ ഭർത്താവിന് വിദേശത്താണ് ജോലി.

2004 ൽ വിദേശത്തേക്ക് പോയ ഇയാൾ ഒരു ഇറാനിയൻ യുവതിയുമായും പിന്നീട് ഫിലിപ്പൈൻ യുവതിയുമായും വിവാഹേതര ബന്ധം പുലർത്തിയിരുന്നതായി ഭാര്യ കണ്ടെത്തി. തുടർന്നാണ് ജീവനാംശം ലഭിക്കണമെന്നും അടിയന്തര സഹായമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് 2009ൽ എറണാകുളം കുടുംബക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിയുടെയും മകന്റെയും ചെലവ് വഹിക്കാമെന്ന് ഭർത്താവ് ഉറപ്പു നൽകിയതോടെ കേസ് തുടർന്നില്ല.

എന്നാൽ ഭർത്താവ് വാഗ്ദാനം പാലിക്കാതിരുന്നതോട ഹർജിക്കാരി കുടുംബക്കോടതിയെ സമീപിച്ചപ്പോൾ പഴയ ഹർജി തള്ളിയെന്ന് മനസിലായി. വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, പഴയ കേസുകൾ ഹർജിക്കാർക്ക് ആവശ്യം വരുമ്പോൾ എടുത്തുപയോഗിക്കാനായി സൂക്ഷിച്ചു വയ്ക്കാനുള്ള ഫ്രീസറുകളല്ല കോടതികളെന്ന് അഭിപ്രായപ്പെട്ട് കുടുംബക്കോടതി ആവശ്യം നിരസിച്ചു. ഇതിനെതിരെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

ഭർത്താവിനെതിരെ കേസ് നടത്താൻ സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ലെന്നും കേസ് തള്ളിയ വിവരം അറിഞ്ഞില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാരി പത്തു വർഷം വൈകിയാണ് ഹർജി പുനഃപരിഗണിക്കണമെന്ന ആവശ്യവുമായി വന്നതെങ്കിലും കാലതാമസത്തിന് മതിയായ കാരണമുണ്ടെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ഇരു കക്ഷികളെയും കേട്ട് ആറു മാസത്തിനുള്ളിൽ തീർപ്പാക്കാനും നിർദ്ദേശിച്ചു.