കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പൊലീസ് കസ്റ്റഡി കലാവധി അവസാനിച്ചതിനെതുടർന്ന് വീണ്ടും കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു. പ്രതികൾ രണ്ട് പേരെയും ഇന്നലെ രാവിലെ 11ന് സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കി. ചോദ്യം ചെയ്യൽ തത്കാലം പൂർത്തിയായെന്നും ഇപ്പോൾ കസ്റ്റഡി ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് ഈ മാസം 30 വരെ റിമാൻഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.
ഇതിനിടെ പ്രതികളെ പന്നിയങ്കരയിൽ വച്ച് അറസ്റ്റ് ചെയ്യുമ്പോൾ ഓടി രക്ഷപ്പെട്ട മൂന്നാമനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശി ഉസ്മാനാണെന്നാണ് തിരിച്ചറിഞ്ഞത്. മാവോയിസ്റ്റ് ബന്ധമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഉസ്മാൻ. അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്നതിനിടയിൽ ഉസ്മാൻ ഓടി രക്ഷപ്പെടുകയായിരുന്നു. കൈയിൽ ഉണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ചാണ് ഓടി രക്ഷപ്പെട്ടത്. ഈ ബാഗിൽ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന രേഖകൾ പൊലീസിന് ലഭിച്ചത്.
ഇനി ഉസ്മാനെ അറസ്റ്റ് ചെയ്താൽ മാത്രമെ അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം കൂടുതൽ വ്യക്തമാവുകയുള്ളു. ഇതിന് ശേഷം രണ്ട് പേരെയും കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.