nandana-father
nandana father

കണ്ണൂർ: സീനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ റെക്കാഡോടെ സ്വർണം നേടിയ നന്ദന ശിവദാസ് അച്ഛന് നൽകിയ വാക്ക് പാലിച്ചു. രണ്ട് വർഷം മുമ്പ് കിണർ പണിക്കിടെ ഗുരുതരമായി പരിക്കേറ്ര് അവശനിലയിലായ ശിവദാസിനോട് മീറ്റിന് തിരിക്കുന്നതിന് മുമ്പ് അച്ഛന് ഞാൻ സ്വർണം കൊണ്ടുത്തരുമെന്ന് വാക്ക് കൊടുത്തിട്ടാണ് നന്ദന പോന്നത്. ആ വാക്ക് റെക്കാഡ് തിളക്കത്തോടെ പാലിക്കാനായതിന്റെ സന്തോഷം അച്ഛനെ വിളിച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അദ്ദേഹം വിതുമ്പി.

കോഴിക്കോട് ഹോളിഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറയിലെ മിനീഷ് മാഷിന്റെ ശിക്ഷണത്തിൽ14 മിനിട്ട് 35 സെക്കൻഡിലാണ് നന്ദനയുടെ റെക്കാഡ് ഫിനിഷ്. രണ്ട് വർഷം മുമ്പ് കിണർ പണിക്കിടെ കല്ല് വീണ് തോളെല്ല് പൊട്ടിയതോടെയാണ് ശിവദാസന്റ ജീവിതം പ്രതിസന്ധിയിലായത്. നടക്കാറായെങ്കിലും ജോലികളൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ചികിത്സയ്ക്കും മറ്ര് ചിലവുകൾക്കുമായി ഉണ്ടായിരുന്ന പത്ത് സെന്റ് സ്ഥലവും ചെറിയ വീടും വിറ്രു. ഇപ്പോൾ ശിവദാസന്റെ ഷീറ്റിട്ട തറവാട്ട് വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം.

അമ്മ വിജില ചെറിയ ജോലിചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് വീട്ടിലെ ചെലവുകൾ നടക്കുന്നത്. ചേച്ചി ദർശന പഠിക്കുകയാണ്. മിനീഷ് മാഷിന്റെയും കട്ടിപ്പാറ സ്കൂൾ അധികൃതരുടെയും പഞ്ചായത്തിന്റെയുമെല്ലാം സഹായത്താലാണ് നന്ദനയുടെ പരിശീലനവും പഠനവുമെല്ലാം നടക്കുന്നത്.