fatima

കൊല്ലം: ' ഉമ്മയും ബാപ്പയും ‌ഞാനും മറിയവും അവൾക്ക് ജീവനായിരുന്നു. ഞങ്ങൾ നാലാളും സിവിൽ സർവീസ് എന്ന സ്വപ്നവും മാത്രമെ അവളുടെ മനസ്സിലുണ്ടായിരുന്നുള്ളു. ജീവിതത്തിൽ ഇന്നോളം അനുഭവിച്ചിട്ടില്ലാത്തത്ര വേദന തോന്നിയ നിമിഷത്തിലായിരിക്കും അവൾ അതു ചെയ്തത്. അത്രയും ക്രൂരമായി ആരൊക്കെയോ അവളെ വേദനിപ്പിച്ചു.'' ചെന്നൈ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ ഇരട്ട സഹോദരി ഐഷ ലത്തീഫിന്റെ മുഖത്തെ വലിയ കണ്ണടയ്ക്കപ്പുറം ആ കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു.

ഫാത്തിമയ്ക്ക് ഇരട്ട സഹോദരിയുണ്ടെന്ന് ചെന്നൈയിലെ കൂട്ടുകാർക്കെല്ലാം അറിയാം. ഐഷയുടെ നമ്പർ അവരിൽ പലരുടെയും കൈയിലുണ്ട്. നേരത്തെ പലരും വിളിച്ചിട്ടുണ്ട്. "അവൾ മരിച്ചശേഷം ഒരു സഹപാഠി പോലും വിളിച്ചിട്ടില്ല. ആരെയോ പേടിച്ചായിരിക്കാം അവർ അവിടെ പഠിക്കുന്നത്. മിടുക്കിയായ ഒരു വിദ്യാർത്ഥിനി മരിച്ചിട്ട് ഐ.ഐ.ടി അധികൃതരും ഇവിടേക്ക് വിളിച്ചിട്ടില്ല." തിരുവനന്തപുരം ലാ കോളേജിൽ എൽ.എൽ.ബി വിദ്യാർത്ഥിയായ ഐഷ പറഞ്ഞു.

അകത്ത്, ഫാത്തിമയുടെ ബാപ്പ അബ്ദുൾ ലത്തീഫ് കരഞ്ഞു തളർന്ന് കിടപ്പാണ്. ഫാത്തിമയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയെ കാണാൻ പോകാനിരുന്നതാണ്. രാവിലെ ചെറിയ ദേഹാസ്വാസ്ഥ്യം. ഡോക്ടറെത്തി പരിശോധിച്ചപ്പോൾ ഹൃദയമിടിപ്പിൽ നേരിയ വ്യതിയാനമുണ്ട്. ബന്ധുക്കൾ പലരും വീട്ടിലേക്കു വരുന്നുണ്ട്. ആരോടും മിണ്ടാനാകാതെ ഫാത്തിമയുടെ അമ്മ സജിതയും കുഞ്ഞനുജത്തി മറിയവും.

 ലാപ്പ് ടോപ്പിൽ നിർണായക വിവരങ്ങൾ

മൊബൈൽ ഫോണിൽ ഉണ്ടായിരുന്നതു പോലെ ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഫാത്തിമയുടെ ലാപ്പ്ടോപ്പിലും ഉള്ളതായി സൂചനയുണ്ട്. വസ്ത്രങ്ങൾക്കൊപ്പം ബാഗിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് ബന്ധുക്കൾ മൃതദേഹത്തിനൊപ്പം കൊണ്ടുവന്നിരുന്നു. ലാപ്ടോപ്പിലുള്ള വിവരങ്ങൾ പുറത്തു പറയരുതെന്ന് അന്വേഷണസംഘം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലാപ് കസ്റ്റഡിയിലെടുക്കുന്നതിനൊപ്പം ഫാത്തിമയുടെ അച്ഛനമ്മമാരുടെ മൊഴിയെടുക്കാൻ കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം ഇന്നോ നാളെയോ കൊല്ലത്തെ വീട്ടിലെത്തും.