ഹർഡിൽസിൽ സ്വർണം നേടി തേജസിലെ ചേട്ടനും അനിയനും
കണ്ണൂർ : സീനിയർ, ജൂനിയർ ആൺകുട്ടികളുടെ 110 മീറ്രർ ഹർഡിൽസിലെ സ്വർണങ്ങൾ പാലക്കാട്ടെ തേജസ് വീട്ടിലേക്ക് പടികടന്നെത്തി. സീനിയർ ആൺകുട്ടികളിൽ മീറ്രിലെ വേഗമേറിയ താരമായ ആർ.കെ. സൂര്യജിത്ത് 14.08 സെക്കൻഡിൽ സ്വർണം നേടി ഡബിളടിച്ചപ്പോൾ അനിയൻ ആർ.കെ. വിശ്വജിത്ത് ജൂനിയർ വിഭാഗത്തിൽ 14.87 സെക്കൻഡിലാണ് സുവർണ ഫിനിഷ് നടത്തിയത്. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ ഇരുവരും പാലക്കാട് ഒളിമ്പിക് ക്ലബിലെ ഹരിദാസിന്റെ ശിഷ്യരാണ്. പരിമിതികൾക്കിടയിൽ നിന്നെത്തിയ ഒളിമ്പിക് ക്ലബിലെ പതിനൊന്ന് കുട്ടികളുടെ സംഘം ഇതുവരെ 6 സ്വർണവും ഒരു വെള്ളിയും വെങ്കലവും നേടിക്കഴിഞ്ഞു.
സീനിയർ വിഭാഗത്തിൽ കാസർകോട് സെൻട്രൽ സ്പോർട്സ് ഹോസ്റ്റലിലെ ഡീൻ ബിജു (14.34 സെക്കൻഡ്) വെള്ളിയും സൂര്യജിത്തിന്റെ സുഹ്യത്ത് ബി.ഇ.എം.എച്ച്.എസ്.എസിലെ ഫാസിൽ ഫറൂക്ക് (14.37 സെക്കൻഡ്) വെങ്കലവും നേടി.
ജൂനിയർ ആൺകുട്ടികളിൽ മലപ്പുറം താനൂർ സ്‌കൂളിലെ മുഹമ്മദ് ഹനാൻ 14.87 സെക്കൻഡിൽ വെള്ളിയും തൃശൂർ മാതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ഋഷികേശ്. പി.എ 15.66 സെക്കൻഡിൽ വെങ്കലവും നേടി.
സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്രർ ഹർഡിൽസിൽ
കോട്ടയം സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാഡമിയുടെ ആൻ റോസ് ടോമി 15.12 സെക്കൻഡിൽ സ്വർണം നേടി. ആലപ്പുഴ ചരമംഗലം സ്‌കൂളിലെ മഹിതാമോൾ (15.65 സെക്കൻഡ്) വെള്ളിയും മലപ്പുറം ചേലാമ്പ്ര സ്‌കൂളിലെ ശ്രീലക്ഷ്മി. ആർ (16.45 സെക്കൻഡ്) വെങ്കലവും നേടി.
ജൂനിയർ പെൺകുട്ടികളുടെ ഇതേ വിഭാഗത്തിൽ കൊല്ലം സായ്‌യുടെ നയനാ ജോസിനാണ് (15.14 സെക്കൻഡ്) സ്വർണം. കോട്ടയം സ്‌പോര്‍ട്‌സ് അക്കാഡമിയുടെ അലീന വർഗീസ് (15.31 സെക്കൻഡ്)വെള്ളിയും കണ്ണൂർ ജി.വി.എച്ച്.എസിലെ ആദിത്യ. ആർ (15.54 സെക്കൻഡ്) വെങ്കലവും നേടി.
ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ വാങ് മയൂം (11.22 സെക്കൻഡ്) സ്വർണം നേടി. വയനാട് കാർതികുളത്തിലെ വിമൽ. എ.ബി. (11.46 സെക്കൻഡ്) വെള്ളിയും രമേശ്. പി.എസ്.( 12.11 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.
ഒരേ ക്ലാസിലേക്ക് സ്വർണം
സബ് ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ സ്വർണവും വെള്ളിയും കോട്ടയം സ്‌പോർട്‌സ് അക്കാഡമിയിലെ താരങ്ങളും സഹപാഠികളുമായ മെൽബാ മേരി സാബുവും (13.21 സെക്കൻഡ്) ആൻഡ്രീസാ മാത്യുവും (13.27 സെക്കൻഡ്) നേടി.