ന്യൂഡൽഹി : അമേരിക്കയുടെ ഉപരോധ ഭീഷണികൾക്ക് വഴങ്ങാതെ റഷ്യയിൽ നിന്ന് എസ്-400 ട്രയംഫ് മിസൈൽ വാങ്ങുന്നതിന് പിന്നാലെ ഇസ്രായേലിൽ നിന്ന് അത്യാധുനിക ആളില്ലാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനുള്ള കരാർ കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാന്റെയും ചൈനയുടെയും വെല്ലുവിളി നേരിടാൻ അത്യാധുനിക ശേഷിയുള്ള ഡ്രോണുകൾ ഇന്ത്യക്ക് നൽകാൻ സജ്ജമാണെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ആയുധം വഹിക്കാൻ ശേഷിയുള്ള 10 ഹെറോൺ ഡ്രോണുകളാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.
40 കോടി ഡോളർ കണക്കാക്കപ്പെടുന്ന ഇടപാടിന് ഉടൻ അന്തിമരൂപം നൽകും. ഒരു ടൺ പേലോഡ് വഹിക്കാൻ കഴിയുന്ന 85 അടി ചിറകുള്ള ഇസ്രയേലിലെ ഏറ്റവും വലിയ ആളില്ലാ ആകാശ വാഹനമായ ഹെറോൺ ടിപിയാണ് ഇന്ത്യ വാങ്ങുന്നത്. വായുവിൽ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകൾ വിക്ഷേപിക്കാൻ പ്രാപ്തമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മേയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് കരാർ ഒപ്പിട്ടത്. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഹെറോൺ ഡ്രോണുകൾ നിർമിക്കുന്നത്. നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോൺ. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഹെറോണിന് സാധിക്കും.
മിസൈൽ പ്രയോഗിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോണിന് 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ. ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോൺ. ഫ്രാൻസ്, തുർക്കി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താൻ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങൾ തൽസമയം പകർത്തി കമാൻഡകോളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചുക്കൊടുക്കും.
ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഹെറോൺ ടെക്നോളജിക്ക് സാധിക്കുന്നതിനാൽ തന്ത്രപരമായി മിഷൻ നടത്താനാകും. ഇരുട്ടിൽ മനുഷ്യന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ.