മാങ്ങാട്ടുപറമ്പ്: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ലോംഗ് വിസിൽ മുഴങ്ങാൻ ഒരു പകൽ മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യൻമാരായ എറണാകുളത്തെ പിന്തള്ളി പാലക്കാട് വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 16 സ്വർണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 153.33 പോയിന്റാണ് മൂന്ന് ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ പാലക്കാടിന്റെ അക്കൗണ്ടിൽ ഉള്ളത്. രണ്ടാം ദിനം പാലക്കാടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ എറണാകുളത്തിന് 17 സ്വർണവും 12 വെള്ളിയും 9 വെങ്കലവുമുൾപ്പെടെ 129.33 പോയിന്റാണുള്ളത്. 10 സ്വർണവും 6 വെള്ളിയും 12 വെങ്കലവുമായി കോഴിക്കോട് 84 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. തലേദിവസം എറണാകുളത്തേക്കാൾ ഒരു പോയിന്റ് പിന്നിലായിരുന്ന പാലക്കാട് ഇന്നലെ രാവിലത്തെ ട്രാക്ക് ഇനങ്ങളിലെ മെഡൽ നേട്ടത്തോടെയാണ് ഒന്നാം സ്ഥനം തട്ടിയെടുത്തത്. പിന്നീട് ലീഡ് നിലനിറുത്താൻ അവർക്കായി. സ്കൂളുകളിൽ 4 സ്വർണവും 9 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 48.33 പോയിന്റുമായി പാലക്കാട് കല്ലടി സ്കൂളാണ് മുന്നിൽ. 5 സ്വർണവും 6 വെള്ളിയും 5 വെങ്കലവുമടക്കം 46.33 പോയിന്റുമായി കോതമംഗലം മാർബേസിൽ എച്ച്.എസ്.എസ്. തൊട്ടുപിന്നിലുണ്ട്. 5 സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവുമടക്കം 29 പോയിന്റുള്ള പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് മൂന്നാമതും 4 സ്വർണവും 2 വെള്ളിയുമടക്കം 26 പോയിന്റുമായി എറണാകുളം മണീട് ഗവ. എച്ച്എസ് നാലാമതുമുണ്ട്. ഇന്നലെ അഞ്ച് പുതിയ മീറ്റ് റെക്കാഡുകളും പിറന്നു. സബ് ജൂനിയർ ആൺകുട്ടികളുടെ 4-100 മീറ്റർ റിലേയിൽ വയനാട്, പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഹെനിൻ എലിസബത്ത്, ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോയിൽ ബ്ലെസി ദേവസ്യ, സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ തലീത കുമ്മി സുനിൽ, മൂന്ന് കിലോമീറ്റർ നടത്തത്തിൽ നന്ദന ശിവദാസ് എന്നിവരാണ് റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയവർ.