
തിരുവനന്തപുരം: തലസ്ഥാന നഗരവാസികൾക്ക് ഒരു സന്തോഷവാർത്ത. ദുബായ് പൊലീസിന്റെ മാതൃകയിലുള്ള അത്യാധുനിക സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരുന്ന മാർച്ചിൽ ടെക്നോപാർക്കിൽ തുറക്കും. സ്മാർട്ട് പൊലീസ് സ്റ്റേഷന് സാങ്കേതിക സംവിധാനം അടക്കമുള്ള സഹായം നൽകാൻ ദുബായ് പൊലീസിന്റെ സംഘം ഉടൻ തിരുവനന്തപുരത്ത് എത്തും. പൊലീസിലെ സാങ്കേതിക വിദഗ്ദ്ധരടങ്ങിയ സംഘം ദുബായിലേക്കും പോകും. ട്രാഫിക് നിയന്ത്രണവും അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനുമടക്കം സംവിധാനങ്ങൾ ഒരുക്കി മാർച്ചിൽ ടെക്നോപാർക്ക് സ്മാർട്ട് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ 'സിറ്റികൗമുദി'യോട് പറഞ്ഞു.
സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സാങ്കേതികസഹായം തേടി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ആഴ്ച ദുബായിലേക്ക് പോയിരുന്നു. തിരുവനന്തപുരത്ത് സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും സോഫ്റ്റ്വെയർ അടക്കം സാങ്കേതികവിദ്യകൾ പൂർണമായി കേരള പൊലീസിന് കൈമാറാമെന്നും ദുബായ് പൊലീസ് സമ്മതിച്ചു. ലോക കേരളസഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിനിടെ മുഖ്യമന്ത്രി ദുബായിലെ സ്മാർട്ട് സ്റ്റേഷൻ സന്ദർശിക്കാനെത്തിയപ്പോൾ, ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ അബ്ദുള്ള ഖാലിദ് അൽ മെറി, ബ്രിഗേഡിയർ അബ്ദുള്ള ഖാദിം, കേണൽ ഹുസൈൻ ബിൻ ഖലിറ്റ എന്നിവരാണ് കേരളത്തിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സഹായം വാഗ്ദാനം ചെയ്തത്. അതിന്റെ തുടർച്ചയായാണ് ലോക്നാഥ് ബെഹ്റ ദുബായിലെത്തിയത്.
ലോകത്തെ ആദ്യ സ്മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറയിലെ ലാമെർ സ്റ്റേഷന്റെ മാതൃകയിലാണ് തിരുവനന്തപുരത്തും സ്മാർട്ട് സ്റ്റേഷൻ വരുന്നത്. ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായ സ്മാർട്ട് സ്റ്റേഷൻ സംസ്ഥാനത്ത് ആദ്യത്തേതാണ്. വിരൽത്തുമ്പിൽ അതിവേഗ സേവനം ലഭിക്കുന്ന സ്മാർട്ട് സ്റ്റേഷനിൽ ഏതുതരം പരാതികളും നേരിട്ട് നൽകാം. ഗതാഗത നിയമലംഘനങ്ങൾക്കടക്കം പിഴയടയ്ക്കാനും സൗകര്യമുണ്ടാവും. പക്ഷേ, ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായിരിക്കും സ്മാർട്ട് സ്റ്റേഷൻ. എ.ടി.എം കൗണ്ടർ പോലെ ഒരു മുറി മാത്രമുള്ളതാണ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ. ഇതിനുള്ളിൽ കയറിയാൽ വാതിൽ താനേ അടയും. എ.ടി.എം പോലുള്ള കിയോസ്കിലെ സ്ക്രീനിൽ വിവരങ്ങൾ രേഖപ്പെടുത്താം, സംസാരിക്കാം. കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുമായി 24 മണിക്കൂറും സംസാരിക്കാം. സംഭാഷണം സിറ്റി പൊലീസ് ആസ്ഥാനത്ത് റെക്കാഡ് ചെയ്യപ്പെടും.
ടെക്നോപാർക്കിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരുന്നതോടെ തലസ്ഥാനത്തെ ടെക്കികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുനൽകാനാവും. തൊഴിൽ സ്ഥലത്തെ പീഡനങ്ങളെക്കുറിച്ചടക്കം പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങാതെയും ഇടനിലക്കാരുടെ സഹായമില്ലാതെയും പരാതിപ്പെടാൻ ടെക്കികൾക്ക് സാധിക്കും. മലയാളത്തിനു പുറമെ ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും പരാതികൾ അറിയിക്കാം. രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നവർക്കും വീടുകളിൽ തനിച്ചുള്ളവർക്കും സുരക്ഷ വേണമെന്ന അപേക്ഷയും സ്മാർട്ട് സ്റ്റേഷനിലെ കിയോസ്കിൽ നൽകാനാവും. അടുത്തഘട്ടത്തിൽ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകളടക്കം സ്മാർട്ട് സ്റ്റേഷനിൽ ലഭ്യമാക്കും.
സ്മാർട്ട് സ്റ്റേഷൻ സൂപ്പറാ...!
മനുഷ്യ സാന്നിദ്ധ്യമില്ലാതെ പൂർണമായും ആട്ടോമേഷനിൽ പ്രവർത്തനം
പൊലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കും
ഏത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇതിലൂടെ സംസാരിക്കാം
ഏത് പരാതിയും അറിയിക്കാം, പ്രശ്നങ്ങൾക്ക് തീർപ്പുണ്ടാക്കാനും കഴിയും
ടെക്കികൾക്കും പ്രദേശവാസികൾക്കും മാത്രമല്ല, ടൂറിസ്റ്റുകൾക്കും ഉപയോഗിക്കാം
സൗജന്യമായി ചായകുടിക്കാം, ഭാവിയിൽ സർട്ടിഫിക്കറ്റുകളുടെ പ്രിന്റൗട്ടെടുക്കാം
ദുബായ് പൊലീസിന്റെ സോഫ്റ്റ്വെയറിൽ ട്രാഫിക് കൂടി ഉൾപ്പെടുത്തിയാവും കേരളത്തിലെ സ്മാർട്ട് സ്റ്റേഷൻ. ദുബായിൽ നിന്നെത്തുന്ന സംഘം സാങ്കേതിക സഹായം നൽകും. അവരുടെ സഹായത്തോടെ സ്മാർട്ട് സ്റ്റേഷൻ സജ്ജമാക്കും. മാർച്ചിൽ ടെക്നോപാർക്കിൽ സ്മാർട്ട് സ്റ്റേഷൻ തുറക്കും. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി