തിരുവനന്തപുരം : പുതിയ മേയറുടെ നേതൃത്വത്തിൽ നഗരസഭ അഞ്ചാം വർഷത്തിലേക്ക് കുതിക്കുന്നു. 100 വാർഡുകളിലായി 100 ദിന കർമ്മ പദ്ധതികൾ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാലാംവാർഷിക പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണമാണ് ഇതിലേറെയും. മാലിന്യസംസ്കരണം, സാമൂഹ്യസുരക്ഷ, കൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം നഗരസഭയുടെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്നും മേയർ കെ. ശ്രീകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാലാം വാർഷികപരിപാടികൾക്ക് ഇന്നലെ തുടക്കമായി.
സ്മാർട്ട് സിറ്റിയുടെ ഭാഗമായി ഗാന്ധിപാർക്കിൽ സജ്ജമാക്കിയ ഓപ്പൺ ജിം ഉദ്ഘാടനത്തോടെയാണ് വാർഷിക പരിപാടികൾക്ക് മേയർ കെ. ശ്രീകുമാർ തുടക്കം കുറിച്ചത്. വരും ദിവസങ്ങളിൽ ഓരോ വാർഡുകളിലും പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും ചിലയിടങ്ങളിൽ പുതിയവയ്ക്ക് തുടക്കം കുറിക്കലും നടക്കും. തീരദേശത്തെ വിദ്യാർത്ഥികളുടെ പഠനത്തിന് പ്രത്യേക കരുതൽ നൽകുന്ന മാസ്റ്റേഴ്സ് @കോസ്റ്റ് എന്ന പദ്ധതിയാണ് അവസാന വർഷത്തെ നഗരസഭയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയം. ആദ്യമായാണ് നഗരസഭ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ സമയത്തിന് ശേഷം വീട്ടിൽ പഠനാന്തരീക്ഷമില്ലാത്ത കുട്ടികൾക്ക് പ്രത്യേക സൗകര്യമൊരുക്കുന്നതാണ് പദ്ധതി. തീരപ്രദേശത്തെ സ്കൂളുകൾ, വായനശാലകൾ, ക്ലബുകൾ, ആഡിറ്റോറിയങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിൽ മലീമസമായ പൊതുശൗചാലയങ്ങളുടെ മുഖം മാറ്റുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. നഗരസഭയുടെ കീഴിലുള്ളത് മാത്രമല്ല, പൊതുവായി ഉപയോഗിക്കുന്ന ശൗചാലയങ്ങൾ ഒന്നാകെ പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ശുചീകരണത്തിനായി നഗരസഭ പ്രത്യേക ടീമിനെ സജ്ജമാക്കും. നഗരസഭയുടെ കീഴിലുള്ള ശൗചാലയങ്ങൾ കൃത്യമായി പരിപാലിക്കുന്നതോടൊപ്പം സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ശൗചാലയങ്ങളും ഫീസ് ഈടാക്കിക്കൊണ്ട് നഗരസഭയുടെ ടീം ശുചിയാക്കും. ഇതോടെ നഗരത്തിലെ ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ മാറ്റാനാകുമെന്നാണ് പ്രതീക്ഷ.
ജനങ്ങളുടെ ദുരിതം അവസാനിക്കുമോ?
ജനനം മുതൽ മരണം വരെയുള്ള വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്ന സാധാരണക്കാരുടെ ദുരിതത്തിന് ഒരുവർഷത്തിനുള്ളിൽ പരിഹാരം കാണാനുള്ള ശ്രമങ്ങളും അവസാനവർഷത്തിൽ നടക്കും. ദിനംപ്രതി മെയിൻ ഓഫീസിലും സോണൽ ഓഫീസിലുമെത്തുന്നവർ അനാവശ്യമായി ഉദ്യോഗസ്ഥർ പറയുന്ന ചുവപ്പുനാടയുടെ നൂലാമാലകൾ കാരണം വലയുന്ന സ്ഥിതി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ 4 പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചിച്ച ശേഷം പദ്ധതി നടപ്പാക്കുമെന്ന് മേയർ അറിയിച്ചു.