തിരുവനന്തപുരം: ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. നാലു ദിനരാത്രങ്ങളിൽ ആറു വേദികൾ നൂപുരധ്വനികളാൽ മുഖരിതമാവും. രാഗ-താള-വാദ്യലയങ്ങൾ വേദികളെ സംഗീത സാന്ദ്രമാക്കും. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കഥകളിയിലും ഒപ്പനയിലും ചവിട്ടു നാടകത്തിലുമൊക്കെ ജില്ലയുടെ കേമത്തികളെയും കേമന്മാരെയുമൊക്കെ തിരഞ്ഞെടുക്കുന്ന ഉത്സവം കൂടിയാണിത്.
യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ 296 ഇനങ്ങളിലായി 15,000 ഓളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. യു.പി വിഭാഗത്തിൽ 38 ഉം ഹൈസ്കൂളിൽ 90 ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 98 ഉം ഇനങ്ങളിലാണ് മത്സരങ്ങൾ.
വിവിധ സ്കൂളുകളിലെ 12 വേദികളിലായി നടക്കും. ചാല ഗവൺമെന്റ് ബോയിസ് എച്ച്.എസ്.എസ് ഗ്രൗണ്ടാണ് പ്രധാന വേദി. അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ എച്ച്.എസ്, ചാല ഗവൺമെന്റ് എച്ച്.എസ്, ചാല തമിഴ് വി ആൻഡ് എച്ച്.എസ്.എസ്, പഴയ ഡി.ഡി.ഇ ഓഫീസ്, അട്ടക്കുളങ്ങര സീമാറ്റ് ഹാൾ എന്നിവയാണ് മറ്റു വേദികൾ.
ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ 'ദൃശ്യവിസ്മയം' എന്ന പേരിൽ കലാവിഷ്കാരങ്ങൾ അരങ്ങേറും. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്ന യു.പി വിഭാഗത്തെയും ഇക്കുറി ജില്ലാമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 9 മുതൽ രചനാ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്കു രണ്ടോടെ പ്രസംഗം, മാപ്പിളപ്പാട്ട്, സ്കിറ്റ്, ലളിതഗാന മത്സരങ്ങൾ തുടങ്ങും. വൈകിട്ട് ആറിന് നൃത്ത മത്സരങ്ങൾ ആരംഭിക്കും.
വെള്ളിയാഴ്ച വൈകിട്ട് നാലിന് സമാപനസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും.