തിരുവനന്തപുരം: കോടികൾ ചെലവിട്ട് അത്യാധുനിക ബഹുനിലക്കെട്ടിടം നിർമ്മിച്ചിട്ടും തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ 'നെയ്യാറ്റിൻകര" ഭാഗത്തേക്കുള്ള ബസുകൾക്ക് അയിത്തം!. പാറശ്ശാല,നാഗർകോവിൽ,കന്യാകുമാരി,നെയ്യാറ്റിൻകര ഭാഗങ്ങളിലേക്കുള്ള ബസ് കയറാൻ യാത്രക്കാർ ഇപ്പോഴും പഴയപടി സ്റ്റാൻഡിന് പുറത്തുള്ള മെയിൻറോഡിൽ കാത്തുനിൽക്കണം. ഇവിടെ ബസ് കാത്തരിപ്പ് കേന്ദ്രവുമില്ല, അപകടമൊഴിവാക്കാനുള്ള മറ്റ് സൗകര്യങ്ങളുമില്ല.
സ്റ്റാൻഡിനകത്ത് നിശ്ചിത പ്ളാറ്റ്ഫോമുകളില്ലാത്തതിനാൽ നെയ്യാറ്റിൻകര , തമിഴ്നാട് , നാഗർകോവിൽ തുടങ്ങിയ ഭാഗത്തേക്കുള്ള ബസുകൾ ടെർമിനലിന് മുൻവശത്തായുള്ള മൂന്നു പാതകളിലായാണ് നിറുത്തിയിടുന്നത്.
യാത്രക്കാരുമായി വരുന്ന ആട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ഈ പാതകളിലൂടെ തന്നെ കടന്നു വരുന്നു. മാത്രമല്ല തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും പാളയം റോഡിലേക്കുമുള്ള വാഹനങ്ങളുടെ തിരക്കും ടെർമിനലിന് അകത്തുനിന്ന് പുറത്തേക്ക് വരുന്ന വാഹനങ്ങളുമുണ്ട്. ഇത് വലിയ അപകടസാദ്ധ്യതയുളവാക്കുന്നു.
മൾട്ടിപ്ളക്സ് തിയേറ്ററും ഷോപ്പിംഗ് സൗകര്യങ്ങളുമൊക്കെയുണ്ടെങ്കിലും ടെർമിനലിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നാണ് പരാതി.
സാമൂഹ്യവിരുദ്ധശല്യം രൂക്ഷം
സ്റ്റാൻഡിനുള്ളിൽ ഒതുക്കിയിട്ടിരിക്കുന്ന ബസുകളുടെ മറവ് സാമൂഹ്യ വിരുദ്ധർ താവളമാക്കിയതായി വ്യാപാരികൾ പറയുന്നു. സ്റ്റാൻഡിനകത്തു വിശ്രമിക്കുന്ന യാത്രക്കാരിൽ നിന്നും രാത്രി കാലങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷണം പോകുന്നുണ്ട്. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
ഇരിപ്പിടങ്ങളില്ല
യാത്രക്കാർക്ക് വേണ്ടത്ര ഇരിപ്പിടങ്ങൾ സ്റ്റാൻഡിൽ ഇല്ലെന്നും പരാതിയുണ്ട്. രാത്രികാലങ്ങളിൽ നിരവധി യാത്രക്കാർ നിലത്തിരുന്ന് വിശ്രമിക്കേണ്ടുന്ന അവസ്ഥയാണിപ്പോഴുള്ളത്.
നടപ്പാതയെവിടെ?
റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡിൽ നിന്നും കടന്നു വരുന്ന യാത്രക്കാർക്കായി നടപ്പാത ക്രമീകരിച്ചിട്ടുണ്ടെങ്കിലും അത് കൈവരി കെട്ടി സംരക്ഷിച്ചിട്ടില്ല.
ആദ്യമായി സ്റ്റാൻഡിലേക്ക് കടന്നു വരുന്നവർക്ക് നടപ്പാത ഏതെന്ന് തിരിച്ചറിയാനാകുന്നില്ല. തിരക്കേറിയ തമ്പാനൂർ റോഡ് മുറിച്ച് കടന്ന് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത് വൃദ്ധരുൾപ്പെടെയുള്ളവർക്ക് വെല്ലുവിളിയാണ്.
ഇൻഫർമേഷൻ ബോർഡ്
സ്റ്റാൻഡിനുള്ളിലേക്ക് കടന്നു വരുന്ന യാത്രക്കാർക്ക് ഒരു ഷോപ്പിംഗ് കോംപ്ളക്സിലേക്ക് വരുന്നതായാണ് തോന്നുക. ഇവിടെയുള്ള ഇൻഫർമേഷൻ ബോർഡുകൾ യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. മാത്രമല്ല ബസുകൾ പുറപ്പെടുന്ന സമയമുൾപ്പെടെയുള്ള വിവരങ്ങളറിയാൻ സ്റ്റാൻഡ് മുഴുവൻ തെരഞ്ഞ് നടക്കേണ്ട സ്ഥിതിയാണുള്ളത്.