പ്രശസ്ത ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം ഐ.ടി കമ്പനി ജീവനക്കാരന്റെ വേഷത്തിലെത്തുന്നു. പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രീകരണം ഏപ്രിൽ ആദ്യവാരം തിരുവനന്തപുരത്ത് തുടങ്ങും. പൂർണമായും തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന റിയലിസ്റ്റിക് ത്രില്ലറാണിത്.ഷെയ്ൻ നിഗത്തിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അറിയുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടും.
അതേസമയം ഡിസംബറിൽ തുടങ്ങുന്ന വേണുവിന്റെ പുതിയ ചിത്രത്തിൽ ആസിഫ് അലിയും പാർവതിയുമാണ് നായികാനായകന്മാർ. വിവിധ സംവിധായകർ ചേർന്നൊരുന്നുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജെയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. വേണു സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ ഒന്നിന് വാഗമണ്ണിൽ ആരംഭിക്കും.