ന്യൂഡൽഹി: സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് നാല് സൈനികരടക്കം ആറുപേർ മരിച്ചു. സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്ന രണ്ടുപേരാണ് മരിച്ച മറ്റു രണ്ടുപേർ. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കാണാതാവുകയും, എട്ട് സൈനികർ മഞ്ഞിനടിയിൽ കുടുങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ട സൈനികരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികർ മഞ്ഞിനടിയിൽ കുടുങ്ങിയതെന്നാണ് സൂചന.
സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ജമ്മു കാശ്മീരിലെ ബരാമുള്ള ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഹിമാലയൻ പർവതനിരയിൽ പാക് അതിർത്തിയോട് ചേർന്ന വടക്കൻ സിയാച്ചിനിൽ പട്രോളിങ്ങിൽ ഏർപ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞിടിച്ചിൽ ആരംഭിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെട്ടവരാണ് മഞ്ഞിനടിയിൽപ്പെട്ടത്.
ഹിമാലൻ മലനിരകളിൽചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. മഞ്ഞുപാളികൾക്കിടയിൽ നിന്ന് രക്ഷിച്ച സൈനികരെ ഹെലികോപ്റ്ററില്‍ സമീപത്തെ സൈനികാശുപത്രിയിലേക്കു മാറ്റി. 1984ൽ പാക് സൈന്യം കടന്നുകയറാൻ ശ്രമിച്ചതുമുതൽ ഈ മേഖലയിൽ ഇന്ത്യൻ സൈനിക വിന്യാസമുണ്ട്.