ഇക്കഴിഞ്ഞ സെപ്തംബറിൽ ലോകത്തിലെ മലയാളികൾക്ക് മുഴുവൻ അഭിമാനിക്കാനാകുന്ന ഒരു സംഭവം ഇൻഡോനേഷ്യയിൽ നടന്നു. എന്താണന്നല്ലേ? ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ശരീര സൗന്ദര്യമത്സരത്തിൽ മിസ്റ്റർ ഏഷ്യ പട്ടം സ്വന്തമാക്കി. കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശനാണ് ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെയും മലയാളത്തിന്റെയും അഭിമാനവും യശസും വാനോളം ഉയർത്തിയത്. ആ യശസ് വീണ്ടും ഉയർത്തിയിരിക്കുകയാണ് ചിത്തരേഷ്. മിസ്‌റ്റ്ർ ഏഷ്യയിൽ നിന്ന് മിസ്‌റ്റർ യൂണിവേഴ്‌സായി മാറിയിരിക്കുന്നു മലയാളത്തിന്റെ ഈ മസിൽ മുത്ത്. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടി. തുടർന്നു നടന്ന മത്സരത്തിൽ 55–110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാമ്പ്യൻമാരെ പരാജയപ്പെടുത്തിയാണ് ചിത്തരേഷ് മിസ്റ്റർ യൂണിവേഴ്സ് നേടിയത്.
മലയാളക്കരയുടെ അഭിമാനമായിട്ടും ആരും അറിയാതിരുന്ന ഈ മാണിക്യത്തെ ആദ്യമായി വായനക്കാർക്ക് മുന്നിൽ കൊണ്ടുവന്നത് കേരളകൗമുദി ആയിരുന്നു. 2018ൽ കൗമുദി ഓൺലൈനാണ് ചിത്തരേഷിന്റെ നേട്ടങ്ങളെ കുറിച്ച് എഴുതുന്നത്. അടുത്തിടെ മിസ്‌റ്റർ ഏഷ്യ പട്ടം നേടിയശേഷം കേരളകൗുദി ഓൺലൈനിന് നൽകയ അഭിമുഖത്തിൽ മിസ്‌റ്റർയൂണിവേഴ്‌സ് ആണ് തന്റെ അടുത്ത ലക്ഷ്യമെന്ന് താരം പറയുകയും ചെയ്‌തു.
ഒരുവിധം എല്ലാ ഏഷ്യൻ രാജ്യങ്ങളും പങ്കെടുത്ത മത്സരത്തിൽ 'ചാമ്പ്യൻ ഒഫ് ചാമ്പ്യൻസ്' ആയി രാജകീയമായി തന്നെയായിരുന്നു ചിത്തരേഷിന്റെ വിജയം. ഇതാദ്യമായല്ല അന്താരാഷ്ട്ര മത്സരങ്ങളിൽ ചിത്തരേഷ് വിജയകിരീടം ചൂടുന്നത്. കഴിഞ്ഞവർഷം ജൂണിൽ യൂറോപ്പിലെ സ്‌ളോവാനിയയിൽ നടന്ന ഇന്റർനാഷണൽ ബോഡിബിൽഡിംഗ് ഫിറ്റ്നസ് ഫെഡറേഷന്റെ (ഐ.ബി.എഫ്.എഫ്) മത്സരത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള മസിലന്മാരെ പിന്തള്ളിയാണ് ചിത്തരേഷ് ഇന്ത്യൻ പതാകപാറിച്ചത്.
എന്നാൽ ഒന്നിൽ നിന്ന് മറ്റൊന്നെന്ന ലോകചാമ്പൻഷിപ്പുകളിലേക്കുള്ള ചിത്തരേഷിന്റെ യാത്ര ഒട്ടു തന്നെ സരളമായിരുന്നില്ല. ക്ഷമയുടെയും വേദനയുടെയും പടികൾ ഓരോന്നായി ചവിട്ടിക്കയറിയാണ് ഈ 33കാരൻ തന്റെ സ്വപ്നം സഫലമാക്കിയത്.15 വർഷത്തിലധികമായി ബോഡിബിൽഡിംഗ് ആരംഭിച്ചിട്ട്. അതിന് മുമ്പ് കോളേജ് തലത്തിൽ മികച്ച ഹോക്കി താരമായിരുന്നു ചിത്തരേഷ്. കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടത്തെ ക്യാമ്പസിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയതിനു ശേഷം ട്രെയിനറായി അവസരം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് വണ്ടി കയറുകയായിരുന്നു. പിന്നീട് മിസ്റ്റർ ഡൽഹി, മിസ്റ്റർ ഇന്ത്യ എന്നീ പട്ടങ്ങൾ രണ്ട് തവണ വീതം സ്വന്തമാക്കി.
നേട്ടങ്ങൾ അനവധിയാണെങ്കിലും അതിലേക്ക് എത്തിപ്പെടാൻ തന്നെപ്പോലൊരാൾക്ക് സാമ്പത്തികമായ പിൻബലം വളരെ ആവശ്യമാണെന്ന് ചിത്തരേഷ് പറയുന്നു. ഐ.ബി.എഫ്.എഫിൽ പങ്കെടുക്കാൻ രണ്ടു തവണ അവസരമൊരുങ്ങിയതാണെങ്കിലും സ്‌പോൺസർ ചെയ്യാൻ ആരുമില്ലാത്തതിനെ തുടർന്ന് മുടങ്ങുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷമാണ് ഡൽഹിയിൽ നിന്നുതന്നെ ഒരു സ്‌പോൺസറെ ലഭിച്ചത്. വിദേശരാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് രൂപയാണ് വിമാനയാത്രയ്ക്കും മറ്റുമായി ചിലവാകുക. മറ്റുള്ള രാജ്യങ്ങൾ വളരെ പ്രാധാന്യം നൽകി അവരുടെ താരങ്ങളെ വേദിയിൽ എത്തിക്കുമ്പോഴും നമ്മുടെ രാജ്യത്തെ ബോഡിബിൽഡിംഗ് അസോസിയേഷനുകൾ നോക്കുകുത്തികളാവുകയാണ്. ഒരു മലയാളി രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടും വേണ്ടത്ര ജനശ്രദ്ധയോ പരിഗണനയോ അദ്ദേഹത്തിന് നൽകാൻ കേരളത്തിലെ ബോഡി ബിൽഡിംഗ് അസോസിയേഷനുകൾ തയ്യാറായിട്ടില്ല എന്നതും വിഷമകരമാണ്. സ്‌കൂൾ തലങ്ങളിൽ പോലും മത്സരിച്ചതിന്റെ ഗ്രേസ് മാർക്കുമായി സംസ്ഥാന കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പലരും ജോലിക്ക് കയറി കൂടുമ്പോഴും ലോകവേദിയിൽ ഇന്ത്യയുടെ ദേശീയഗാനം മുഴക്കിച്ച ഈ അഭിമാനതാരം ഇന്നും നമ്മുടെ കായിക മേലാളന്മാർക്ക് അന്യനായി തുടരുകയാണ്.
അതിനിടയിൽ എറണാകുളം എം.പി ഹൈബി ഈഡൻ നൽകുന്ന പിന്തുണ മറക്കാനാവില്ലെന്ന് ചിത്തരേഷ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും അദ്ദേഹം സഹായിച്ചിരുന്നു. ഇത്തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ ഒരു സർക്കാർ ജോലി ലഭിക്കുന്നതിനു വേണ്ടി തന്നെ കൊണ്ട് കഴിയുന്ന തരത്തിൽ എല്ലാ സഹായവും ഹൈബി ഈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചിത്തരേഷ് നടേശൻ വ്യക്തമാക്കി.