ചെന്നൈ: അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്. 2018-19 കാലയളവിൽ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് അമേരിക്കലയിലെ വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പഠിക്കുന്നത്. 2017-18 വർഷത്തേക്കാൾ 2.9 ശതമാനം വർദ്ധനയാണ് ഇത്തവണ ഉണ്ടായതെന്ന് ഇന്റർനാഷണൽ എഡ്യുക്കേഷണൽ എക്സ്ചേഞ്ച് പുറത്തിറക്കിയ ഓപ്പൺ ഡോർ റിപ്പോർട്ടിൽ പറയുന്നു. 18.4 ശതമാനം വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹത്തിൽ 202,014 വിദ്യാർത്ഥികളും ഇന്ത്യക്കാരാണ്. അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹത്തിൽ അഞ്ച് വിദ്യാർത്ഥികളെ എടുത്താൽ അതിൽ ഒരാൾ ഇന്ത്യക്കാരായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
'ലോകമെമ്പാടുമുള്ള വിദേശ വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനം അമേരിക്കയാണ്. തുടർച്ചയായ നാലാം വർഷവും അമേരിക്ക ഒരു ദശലക്ഷത്തിലധികം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ആതിഥേയത്വം വഹിച്ചെന്ന് യു.എസ് കോൺസുലേറ്റ് ജനറൽ റോബേർട്ട് ബുർജെസ് പറഞ്ഞു, ഇവരിൽ അക്കാദമിക് ടാലന്റ് എടുത്തുപരിശോധിച്ചാൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരായിരിക്കുമെന്നും ഇന്ത്യയുമായി നമ്മുടെ ജനങ്ങൾക്കുള്ള ബന്ധത്തിന്റെ അടിത്തറ സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ലോകത്തിലെ മികച്ച ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അതുകൊണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അക്കാദമിക് ആവശ്യങ്ങൾക്കായി അമേരിക്കയെ തിരഞ്ഞെടുക്കുന്നത്. ആഗോളതലത്തിൽ അമേരിക്കയിലെ ബിരുദം വളരെയധികം വിലമതിക്കുന്നതും ലോകത്താകമാനം അംഗീകരിക്കപ്പെടുന്നതുമാണ്'- റോബേർട്ട് ബുർജെസ് പറഞ്ഞു.
ഓപ്പൺ ഡോർ റിപ്പോർട്ട് പ്രകാരം 2018-19 അദ്ധ്യയന വർഷത്തിൽ മാത്രം 1,095,299 വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിക്കുന്നത്. ഇവരിൽ 202,014 വിദ്യാർത്ഥികൾ ഇന്ത്യക്കാരാണ്. ചൈനയാണ് ഇന്ത്യക്ക് തൊട്ടുമുമ്പിലുള്ള മറ്റൊരു രാജ്യം. അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗിൽ (ഒ.പി.ടി) പങ്കെടുക്കുന്നവരിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 12.3 ശതമാനം വർദ്ധനയാണ് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗിൽ പങ്കെടുക്കുന്നവരിൽ ഉണ്ടായത്.