പമ്പ: പിതാവിനൊപ്പം ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയെ പമ്പയിൽ പൊലീസ് തടഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തിയ 12 വയസുകാരിയെയാണ് തടഞ്ഞത്. ഇരുമുടിക്കെട്ടുമായി പിതാവിനൊപ്പം ദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി. രേഖകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. പെൺകുട്ടിയെ പമ്പയിൽ വച്ച് വനിതാ പൊലീസ് തടഞ്ഞുവയ്ക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
10 വയസിനു മുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിർദേശത്തെ തുടർന്ന് പൊലീസ് കർശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിത്.
അതേസമയം, പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തീർത്ഥാടകരെ പമ്പയിൽ ഇറക്കിയശേഷം നിലയ്ക്കലിൽ തിരിച്ചെത്തണം. വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. എന്നാൽ, അനധികൃത പാർക്കിംഗ് നടത്തിയാൽ പൊലീസിന് നടപടി സ്വീകരിക്കാം. സ്വകാര്യവാഹനങ്ങൾ പമ്പയിൽ തടയേണ്ടതില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ സർക്കാർ അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. നിലയ്ക്കലിനും പമ്പയ്ക്കുമിടയിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. 12 സീറ്റുവരെയുള്ള വാഹനങ്ങൾക്കാണ് അനുമതി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.