iran

ടെഹ്റാൻ: ശത്രുരാജ്യങ്ങളുടെ പോർവിമാനങ്ങൾ അതിർത്തി കടന്ന് ആക്രമിക്കുന്നത് തടയുന്നതിനായി അത്യാധുനിക പ്രതിരോധ സംവിധാനം നിർമ്മിക്കാൻ ഇറാൻ പദ്ധതിയിടുന്നു. ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ആക്രമണം തടയുന്നത് ലക്ഷ്യമിട്ടാണ് ഇറാൻ പുതിയ ആയുധം നിർമ്മിക്കാൻ ഒരുങ്ങുന്നത്. പോർവിമാനങ്ങളും മിസൈലുകളും അതിർത്തി കടന്നു വരുന്നത് തടയുന്നതിനായി ലേസർ വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കുവാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.

ഇറാൻ ഒരു ലേസർ വ്യോമ പ്രതിരോധ സംവിധാനം നിർമിക്കുകയാണെന്നും ക്രൂസ് മിസൈലുകളുടെ വ്യാപ്തിയും കൃത്യതയും വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇറാൻ പ്രതിരോധ മന്ത്രി ജനറൽ കാസിം തകിസാദെ വെളിപ്പെടുത്തി. ചെറിയ വിമാനങ്ങൾക്കും ക്വാഡ്കോപ്റ്റർ ഡ്രോണുകൾക്കുമെതിരെ ഉപയോഗിക്കാൻ കഴിയുന്ന ലേസർ എയർ ഡിഫൻസ് സാങ്കേതികവിദ്യ തങ്ങൾ നേടിയിട്ടുണ്ടെന്നും ജനറൽ കാസിം തകിസാദെ കൂട്ടിച്ചേർത്തു. ഈ സാങ്കേതിവിദ്യ കൈവരിക്കുന്നതോടെ ഇറാന് നേരെ തിരിയാൻ ശത്രുരാജ്യങ്ങളുടെ മുട്ടുവിറയ്ക്കും.

രാജ്യത്തിന് മേൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉപരോധങ്ങളും ആയുധ നിരോധനങ്ങളും നേരിടേണ്ടി വരുമ്പോൾ അവശ്യ സൈനിക ഉപകരണങ്ങളും പ്രതിരോധ സംവിധാനങ്ങളും നിർമിക്കുന്നതിൽ ഇറാൻ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുകയാണ്. ആയുധങ്ങൾ പുറത്തുനിന്ന് വാങ്ങാൻ സാദ്ധ്യമാകാത്തതു കൊണ്ട് മിക്കതും രാജ്യത്ത് തന്നെ നിർമ്മിക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യം സ്വന്തം സാങ്കേതിക കഴിവുകളെ അടിസ്ഥാനമാക്കി വൈവിധ്യമാർന്ന നൂതന ആയുധ സംവിധാനങ്ങളും ഉപകരണങ്ങളും നിർമിക്കുന്നുണ്ട്.

അതേസമയം,​ ഇറാനെതിരായ ഉപരോധത്തെ ഫലപ്രദമായി നേരിടാനുള്ള ഏക മാർഗം ഇറാന്റെ ‘എല്ലാ അവശ്യ മേഖലകളിലും, പ്രത്യേകിച്ചും പ്രതിരോധ മേഖലയിൽ’ ഇറാന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനെ ആശ്രയിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ജനറൽ അമീർ ഹതാമി പറഞ്ഞു. രാജ്യത്തിന്മേലുള്ള ഉപരോധം വിജയകരമായി മറികടക്കുന്നതിൽ ഇറാന്റെ പ്രതിരോധ മേഖലയ്ക്ക് പ്രധാന പങ്കുണ്ടെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ലക്ഷ്യം വച്ചുള്ള ഉപരോധം സംബന്ധിച്ച പ്രത്യേക ഉച്ചകോടിയിലാണ് ഹതാമി ഇക്കാര്യം വ്യക്തമാക്കിയത്.