കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ശക്തികുളങ്ങര, നീണ്ടകര മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും അനധികൃത മത്സ്യകടത്തു വ്യാപകമാകുന്നു. വൻ തോതിൽ ചെറു മത്സ്യങ്ങളെ അടക്കം അനധികൃതമായി കടത്തുന്നുന്നത് വളം നിർമിക്കുന്നതിനായിട്ടാണ്. ഉൾക്കടലിൽ നിന്നും പിടിക്കരുതെന്നു കർശനമായി നിർദ്ദേശിച്ചിട്ടുള്ള ചെറു മത്സ്യങ്ങളെയും മീൻ കുഞ്ഞുങ്ങളെയുമാണ് ഇവിടെ നിന്നും കടത്തുന്നത്. ആഴക്കടലിൽ നിന്നും പിടികൂടി തുറമുഖങ്ങളിലെത്തിക്കുന്ന ടൺ കണക്കിന് മത്സ്യമാണ് ഇത്തരത്തിൽ കച്ചവടമുറപ്പിച്ചു വലിയ വാഹനങ്ങളിൽ ഹാർബറിൽ നിന്നും കടത്തിക്കൊണ്ടു പോകുന്നത്. ഏജന്റുമാരടക്കം വലിയൊരു സംഘം ഇടനിലക്കാർ ഇരു ഹാർബറുകളിലും തമ്പടിച്ചാണ് കുത്തകയെന്ന പോലെ വളം മത്സ്യ കച്ചവടം നടത്തുന്നത്. ഇതോടെ കേരള സമുദ്ര അതിർത്തിയിൽ വരും കാലത്തു മത്സ്യ സമ്പത്തു വൻതോതിൽ കുറയുമെന്നും ഉറപ്പായിക്കഴിഞ്ഞു.


മുൻകാലത്ത് രാത്രി മാത്രമായിരുന്നു വളമുണ്ടാക്കാൻ വേണ്ടിയുള്ള മത്സ്യത്തിന്റെ വിൽപ്പനയും കടത്തും. പക്ഷെ ഇപ്പോൾ പട്ടാപ്പകലും നിർബാധം ഹാർബറുകൾ വഴി കടത്തു നടക്കുന്നു. മറൈൻ എൻഫോഴ്സ്‌മെന്റ് പേരിനു മാത്രമാണ് പരിശോധനക്കെത്തുന്നത്. വളത്തിനു വേണ്ടിയുള്ള ചെറു മീനുകളെയും ഭക്ഷ്യയോഗ്യമല്ലാത്ത മീനുകളെയും വലയിലാക്കി കരയ്‌ക്കെത്തിക്കുവാൻ പ്രേത്യേക ബോട്ടിൽ ദിവസവും കടലിൽ പോകുന്നുന്നുണ്ട്. ഇവരുടെ ലക്ഷ്യം വലയിൽ കുടുങ്ങുന്ന എല്ലാ ഇനം മീനുകളെയും കരയിൽ കൊണ്ട് വരികയെന്നാണ് .ബോട്ടുകളിൽ ഹാർബറിലെത്തിക്കുന്ന മീനുകളിൽ ക്ലാത്തി, ചൂര അടക്കം മീനുകളും ടൺകണക്കിനുണ്ട് . ഇവയെല്ലാം അപ്പോൾ തന്നെ ഇടനിലക്കാർ വഴി വില പറഞ്ഞു ട്രേകളിൽ നിരത്തി ഐസ് നിറച്ചു അപ്പോൾ തന്നെ കണ്ടെയ്നർ ലോറികളിലേക്കു മാറ്റി സ്ഥലം വിടുകയാണ്.

ഇടനിലക്കാർ വഴി വളം പ്ലാന്റുകാർ നേരത്തെ തന്നെ ധാരണയിലെത്തുന്നതിനാൽ കരയ്‌ക്കെത്തുന്ന ചെറു മീൻ അപ്പോൾ തന്നെ വളമാക്കാൻ വണ്ടികളിൽ കയറ്റുകയാണ് പതിവ്. ഇവിടെ നിന്നും മത്സ്യങ്ങൾ നേരെ കൊണ്ട് പോകുന്നത് തമിഴ്നാട്ടിലെ തൂത്തുകുടിയിലെ മത്സ്യ വളം പ്ലാന്റുകളിലേക്കും ഒപ്പം കർണാടകത്തിലെ വളം പ്ലാന്റുകളിലേക്കുമാണ്.


ചെറു മീനുകളെയും മീൻ കുഞ്ഞുങ്ങളെയും വലയിലാക്കരുതെന്നും അവ കരയ്‌ക്കെത്തിക്കരുതെന്നുമാണ് രണ്ടു വർഷം മുമ്പ് ഫിഷറീസ് നിയമത്തിൽ വരുത്തിയ കാതലായ ഭേദഗതി. പിടികൂടിയാൽ കനത്ത പിഴ ഒടുക്കേണ്ടി വരും. പക്ഷെ ഇതൊക്കെ കണ്ടില്ലെന്നു നടിച്ചുമാണ് രാപകലില്ലാതെ ഹാർബറുകളിൽ നടക്കുന്ന മൽസ്യ കടത്ത്. ഭരണ കക്ഷിയടക്കം മിക്കവാറും എല്ലാ കക്ഷിയിലുംപെട്ടവർ ശക്തികുളങ്ങര ഹാർബറിൽ ഏജന്റായും ഇടനിലക്കാരനായും ഉണ്ട്. നീണ്ടകരയിലാകട്ടെ വളം മൽസ്യ കടത്തിന്റെ കുത്തക ഒരു മുഖ്യ ഏജന്റിനാണ്.

fish-

വളം നിർമാണ പ്ലാന്റ് ഉടമയുടെ രൂപത്തിൽ ചില ഏജന്റുമാരെ സമീപിച്ചപ്പോൾ ദിവസവും ടൺ കണക്കിന് മത്സ്യങ്ങൾ വളമുണ്ടാക്കാനായി സപ്ലൈ ചെയ്യാമെന്നാണ് ലഭിച്ച മറുപടി. കൊണ്ട് വരുന്ന മൽസ്യം തരം തിരിച്ചു 13 ട്രേകളിലായി നിറയ്ക്കുമെന്നും അതിനു പത്തു ട്രേയുടെ വില നൽകിയാൽ മതിയാകുമെന്നും ട്രേ ഒന്നിന് വില 1500 രൂപയാണെന്നും ഇവർ പറയുന്നു. ഐസ്, ടോൾ , കമ്മീഷൻ, നിറയ്ക്കൽ കൂലി, കയറ്റു കൂലി, വാനിന്റെ വാടക എന്നിവ പുറമെയാണെന്നും അതൊക്കെ പ്ലാന്റുകാർ വഹിക്കണമെന്നുമാണ് നിബന്ധനകൾ. ആഴ്ചയിൽ എല്ലാ ദിവസവും ഒരു മുടക്കവും കൂടാതെ മീൻ എത്തിച്ചു നൽകാമെന്നും ഉറപ്പുണ്ട്.

തുറമുഖങ്ങൾ കേന്ദ്രീകരിച്ചു വളത്തിനു വേണ്ടി മൽസ്യകടത്തു നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പ്രതികരിച്ചു . ഇപ്പോൾ നിയമങ്ങൾ കർശനമായി നടപ്പാക്കുകയാണ്. നിയമലംഘനങ്ങൾക്കും ചെറു മൽസ്യ കടത്തിനും പിടി കൂടിയാൽ കനത്ത തുകയാണ് പിഴ. അത് കൊണ്ട് തന്നെ ഇത്തരം കടത്തു നടത്തുന്നവർ കുറവാണ്. എങ്കിലും മറ്റുള്ളവരുടെ കൂട്ടത്തിൽ ഇത്തരക്കാരും ഉണ്ടാകാം. കടലിലും തുറമുഖത്തും പരിശോധന ശക്തമാക്കുവാൻ മറൈൻ പട്രോളിങ്ങിന് നിർദേശം നൽകുമെന്ന് മന്ത്രി പ്രതികരിച്ചു.


അടുത്തിടെയും ഇത്തരത്തിൽ നടന്ന ചെറു മൽസ്യങ്ങളുടെ കടത്തു മറൈൻ എൻഫോഴ്സ്‌മെന്റ് പിടികൂടിയതായി ഫിഷെറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗീതാകുമാരി പറഞ്ഞു. രണ്ടര ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിഴയായി ഈടാക്കിയത്. തീരങ്ങളിലും കടലിലും പട്രോളിങ് കർശനമാക്കണമെന്നു എൻഫോഴ്സ്‌മെന്റിനു നിർദേശം നൽകിയിട്ടുണ്ട്. ഫിഷെറീസ് നിയമങ്ങൾ കർശനമാക്കിയതോടെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തരം കടത്തു കുറഞ്ഞതായി ഫിഷെറീസ് അധികൃതർ അവകാശപ്പെടുന്നു. .