കാണുംതോറും മൺറോതുരുത്തിന് ഭംഗി കൂടും. സഞ്ചാരികൾക്കായി നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. അനുദിനം മുങ്ങി താഴുമ്പോഴും തുരുത്തിന്റെ അതിജീവന താളമായി ഇവർ വിനോദ സഞ്ചാരത്തെ ചേർത്തു പിടിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ദിവസവും തുരുത്തിന്റെ സൗന്ദര്യം തേടി എത്തുന്നത്. ഇന്ന് തുരുത്തിലെ ഭൂരിപക്ഷം കുടുംബങ്ങളുടെയും ജീവിതോപാധിയാണ് ടൂറിസം..
കൊല്ലം ജില്ലയിലെ അഷ്ഠമുടിക്കായലിനും കല്ലടയാറ്റിനുമിടയിലെ ദ്വീപ് സമൂഹമാണ് മൺറോ തുരുത്ത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൺറോ തുരുത്തിലെ പ്രകൃതിഭംഗി ആരെയും ആകർഷിക്കുന്നതാണ്. വിവരിക്കുന്നതിനപ്പുറമാണ് ഇവിടുത്തെ സൂര്യാസ്തമയക്കാഴ്ചകൾ. ടൂറിസ്റ്റ് സീസൺകൂടി എത്തിയതോടെ മൺറോ തുരുത്ത് കാണാനെത്തുന്നവരുടെ എണ്ണം ഏറെയാണ്. ടൂറിസ്റ്റുകൾക്ക് കായലിലൂടെ സഞ്ചരിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇപ്പോൾ 42 വള്ളങ്ങളാണ് മൺറോ തുരുത്തിലുള്ളത്. ഏഴ്പേർക്ക് സഞ്ചരിക്കാവുന്ന ഒരു വള്ളത്തിന് മണിക്കൂർ ഒന്നിന് 500 രൂപയാണ്.
കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്. മൺറോതുരുത്തിൽ തെങ്ങും നെല്ലും മത്സ്യവുമാണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്.