മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘മാമാങ്കം’. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ സിനിമയായിട്ടാണ് ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത്. മാമാങ്കത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ്. സമകാലിക സംഗീതസംവിധായകരിൽ നിന്ന് ജയചന്ദ്രനെ വ്യത്യസ്തനാക്കുന്നത് ഗൃഹാതുരമായ പോയകാലത്തിന്റെ തുടർച്ചയായി സൃഷ്ടിക്കപ്പെടുന്ന പാട്ടുകളാണ്. അത്തരം പാട്ടുകളാണ് മാമാങ്കത്തിലേതെന്നും പ്രതീക്ഷിക്കാം. പലരീതിയിലുള്ള ദുർഘടമായ യാത്രയായിരുന്നു മാമാങ്കത്തിന്റേതെന്നും എം.ജയചന്ദ്രൻ പറയുന്നു. കൗമുദി ടി.വി താരപ്പകിട്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

m-jayachandran

"മാമാങ്കത്തിന്റെ വർക്ക് തുടങ്ങിയിട്ട് രണ്ട് വർഷമായി. പലരീതിയിലുള്ള വളരെ ദുർഘടമായ യാത്രയായിരുന്നു ശരിക്കും മാമാങ്കത്തിന്റേത്. പ്രത്യേകിച്ചും അതിന്റെ പ്രൊഡ്യൂസർ വേണുച്ചേട്ടൻ. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്. ചേട്ടന്റെ കൂടെ ഞാൻ യാത്ര ചെയ്യുമായിരുന്നു. മൊത്തത്തിൽ ആ സിനിമയുടെ എ ടു ഇസഡ് കാര്യങ്ങളെ കുറിച്ചും എനിക്ക് അറിയാം. വേണുച്ചേട്ടന്റെ കൂടെ സപ്പോർട്ടായിട്ട് നിന്നിട്ടുണ്ട്. ചിത്രത്തിൽ നാല് പാട്ടുകളുണ്ട്. തീർച്ചയായിട്ടും ഒരു മാമാങ്കം തന്നെയാണ് സിനിമ"-ജയചന്ദ്രൻ പറയുന്നു.

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരൺഅറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.