sports-

കണ്ണൂർ: 63ആമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ എറണാകുളത്തിന്റെ കൈയിൽ നിന്ന് കിരീടം തിരിച്ചുപിടിച്ച് പാലക്കാട്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്. അവസാന ദിവസം പാലക്കാടും എറണാകുളവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാനം കിരീടം പാലക്കാടിനൊപ്പം പോരുകയായിരുന്നു. 123.33 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം നേടി. 2016ന് ശേഷം ആദ്യമായാണ് പാലക്കാട് കിരീടം നേടുന്നത്.


സ്കൂൾ വിഭാഗത്തിൽ മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം ചാമ്പ്യൻമാരായി. 62.33 പോയിന്റാണ് മാർ ബേസിൽ സ്വന്തമാക്കിയത്.ഇതുവരെ എട്ട് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാർ ബേസിലിനുള്ളത്. കല്ലടിയുടെ അക്കൗണ്ടിൽ നാല് സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവുമാണുള്ളത്. പൂല്ലൂരാംപാറ മൂന്ന് വീതം സ്വർണവും വെള്ളിയും 10 വെങ്കലവും നേടി. 18 സ്വർണവും 22 വെള്ളിയും 16 സ്വർണവും ഉൾപ്പെടെയാണ് പാലക്കാട് ജില്ല കിരീടം നേടിയത്. എറണാകുളം ജില്ലയിൽ അക്കൗണ്ടിൽ 21 സ്വർണവും 14 വെള്ളിയും 10 വെങ്കലവുമാണ് നേടാൻ സാധിച്ചത്. മൂന്നാം സ്ഥാനക്കാരായ കോഴിക്കോടിന് 12 സ്വർണമുണ്ട്. തിരുവനന്തപുരം നാലാമതും തൃശൂർ അഞ്ചാമതുമാണ്‌.

ആൻസി സോജനും വാങ് മയി മുഖ്‌റമും ശാരികയും മീറ്റിൽ ട്രിപ്പിൾ സ്വർണം പൂർത്തിയാക്കി. ഈ മീറ്റോടെ വിട പറയുന്ന ആൻസി സോജൻ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ, ലോംഗ് ജമ്പ് എന്നിവയിലാണ് സ്വർണം നേടിയത്. മൂന്നിലും മീറ്റ് റെക്കോഡും സ്ഥാപിച്ചത് ഇരട്ടിമധുരമുള്ളതാക്കി.