hd-kumaraswamy

ബംഗളൂരു: ബി.ജെ.പിയുമായി കൈകോർക്കുന്നതിൽ ജെ.ഡി.എസിന് വിമുഖതയൊന്നുമില്ലെന്നു കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്.കർണാടകയിൽ ഡിസംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാരസ്വാമി ബി.ജെ.പി അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയത്. 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം ബി.ജെ.പിക്ക് ലഭിച്ചില്ലെങ്കിൽ സർക്കാർ ന്യൂനപക്ഷമാകും. ഇത് മുന്നിൽ കണ്ടാണ് ആവശ്യമെങ്കിൽ ബി.ജെ.പിയെ പിന്തുണയ്ക്കാനും മടിക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ മൃദുഹിന്ദുത്വമാണ് ബി.ജെ.പി പിന്തുടരുന്നത്. എന്നാൽ ശിവസേനയുടെത് തീവ്രഹിന്ദുത്വ നിലപാടാണെന്നും ശിവസേനയെക്കാൾ ഭേദം ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് കോൺഗ്രസ് അവരോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയാണ്. അതിലും ഭേദം മൃദു ഹിന്ദുത്വം സ്വീകരിക്കുന്ന ബി.ജെ.പിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ശേഷം എല്ലാവരും ബി.ജെ.പിയുമായി തൊട്ടടുത്ത പാർട്ടി എന്ന തരത്തിൽ ജെ.ഡി.എസിലേക്ക് വിരൽ ചൂണ്ടുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

സിറ്റിംഗ് സീറ്റുകൾ നിലനിറുത്തി ബി.ജെ.പി സർക്കാരിനെ താഴെയിറക്കാമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കേറ്റ തിരിച്ചടിയാണ് ജെ.ഡി.എസിന്റെ നിലപാട്. ഉപതിരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.എസ് ബി.ജെ.പിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവന. കോൺഗ്രസുമായി ഇനിയൊരു സഖ്യത്തിനു താത്പര്യമില്ലെന്ന് ജെ.ഡി.എസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.2006ൽ ജെ.ഡി.എസ് ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നെങ്കിലും 20 മാസത്തിന് ശേഷം സഖ്യം വഴിപിരിഞ്ഞിരുന്നു. പാർട്ടിയുടെ മതേതര മൂല്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു അന്ന് ജെ.ഡി.എസ് സഖ്യത്തിൽ നിന്ന് പിന്മാറിയത്.

വരുന്ന ഉപതിരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ ബി.ജെ.പിയെ സഹായിക്കാൻ ജെ.ഡി.എസ് ദുർബലരായ സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത് എന്നും ആരോപണമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കിൽ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച്.ഡി കുമാരസ്വാമി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആ സൂചനകള്‍ ഇപ്പോൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ് കുമാരസ്വാമി.