ന്യൂഡൽഹി: ഈ വർഷത്തെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരത്തിന് ബി.ബി.സി ബ്രോഡ്കാസ്റ്ററും വന്യജീവി നിരീക്ഷകനുമായ ഡേവിഡ് ആറ്റൻബറോ അർഹനായി.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെട്ട അന്താരാഷ്ട്ര ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇന്ദിരാഗാന്ധി സ്‌മാരക ട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയിത്.
ഭൂമിയിലെ ജൈവ വൈവിദ്ധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുകയും പ്രകൃതിയിലെ അദ്ഭുതങ്ങളെ മനുഷ്യർക്ക് പരിചയപ്പെടുത്താൻ ജീവിതം ഉഴിഞ്ഞുവയ്‌ക്കുകയും ചെയ്‌ത വ്യക്തിയാണ് ഡേവിഡ് ആറ്റൻബറോയെന്ന് ജൂറി വിലയിരുത്തി.
ഭൂമിയിലെ ജീവപരിണാമത്തെയും ജൈവ വൈവിദ്ധ്യങ്ങളെയും അവതരിപ്പിച്ച ലൈഫ് ഓൺ എർത്ത് (1997) എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്. സർ പദവിയും ലണ്ടൻ റോയൽ സൊസൈറ്റി ഫെലോഷിപ്പും ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്. ‘ലിവിംഗ് പ്ലാനറ്റ്: എ പോർട്രെയ്റ്റ് ഒഫ് ദ എർത്ത്’ (1984), അന്റാർട്ടിക്കയിലെ ജീവലോകത്തെ ആദ്യമായി ചിത്രീകരിച്ച ‘ലൈഫ് ഇൻ ദ ഫ്രീസർ’ (1993), ‘ദ ലൈഫ് ഒഫ് ബേർഡ്‌സ്’ (1998), ‘ദ ലൈഫ് ഒഫ് മാമൽസ്’ (2002), ‘ദ പ്രൈവറ്റ് ലൈഫ് ഒഫ് പ്ലാന്റ്സ്’ (1995) എന്നിവ അദ്ദേഹത്തിന്റെ ലോകപ്രശസ്ത ഡോക്യുമെന്ററികളാണ്. 'ഗാന്ധി' എന്ന വിശ്രുത ചലച്ചിത്രത്തിന്റെ സംവിധായകൻ അന്തരിച്ച റിച്ചാർഡ് ആറ്റൻ ബറോയുടെ സഹോദരനാണ്.