goa

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തുന്ന ഫിലിംബസാറിൽ വ്യൂവിംഗ് റൂം റെക്കമൻഡ്‌സ് വിഭാഗത്തിലേക്ക് ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച '1956, മധ്യതിരുവിതാംകൂർ' തിരഞ്ഞെടുക്കപ്പെട്ടു. '22 ഫീമെയിൽ കോട്ടയം', 'ഡാ തടിയ' തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ് കുമാർ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രം ഈ മാസം 22 ന് ഫിലിം ബസാറിൽ പ്രദർശിപ്പിക്കും. ബുസാനിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരു പറ്റം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. കോട്ടയം ജില്ലയിലെ ഉഴവൂർ നിന്നും വന്ന ഓനൻ, കോര എന്നീ സഹോദരങ്ങളും എതാനും പരിചയക്കാരും കാട്ടുപോത്തിനെ വേട്ടയാടാൻ പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. ആളുകൾ തമ്മിൽ പറയുന്ന കഥകളിലൂടെ വികസിക്കുന്ന സിനിമ മലയാളി പ്രേക്ഷകർക്ക് വളരെ വ്യത്യസ്ഥമായ ഒരു ചലച്ചിത്ര അനുഭവമായിരിക്കും. കഥകളുടെ വിശ്വാസ്യത, പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലുകൾ, വ്യക്തികൾക്കിടയിലെ അധികാരവടംവലി തുടങ്ങി പല തീമുകളും പറയാതെ പറയുകയും കാണിക്കാതെ കാണിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ അവതരണ രീതി. ഇടുക്കിയിലെയും തമിഴ്‌നാട്ടിലെയും ആയിരുന്നു ചിത്രീകരണത്തിന്റെ ഭൂരിഭാഗവും.


ആർട്ട് ബീറ്റ്‌സ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ആസിഫ് യോഗി, ജെയ്ൻ ആൻഡ്രൂസ്, ഷോൺ റോമി, കനി കുസൃതി,കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. പ്രവാസി മലയാളി ആയ അലക്‌സ് ജോസഫ് ആണ് 1956, മധ്യതിരുവിതാംകൂറിന്റെ ക്യാമറമാൻ. മായാനദിയുടെ ഛായാഗ്രാഹകൻ ആയിരുന്ന ജയേഷ് മോഹൻ അസോസിയേറ്റ് ക്യാമറാമാൻ.