kanam-rajendran

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ളാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസിനെ അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്ക് ബഹുമാനമില്ലെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വാക്കുകൾക്ക് വ്യാഖ്യാനം തരാൻ താൻ അശക്തനാണെന്നും അതേക്കുറിച്ച് അദ്ദേഹത്തോട് തന്നെയാണ് ചോദിക്കേണ്ടതെന്നും തനിക്കതിൽ ബാദ്ധ്യതയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

മാവോയിസ്റ്റ് ഇസ്ളാമിക തീവ്രവാദത്തെക്കുറിച്ച് തനിക്ക് അറിവില്ല. മാവോയിസ്റ്റ് വിഷയത്തിൽ പൊലീസ് വ്യാജപ്രചരണമാണ് നടത്തുന്നതെന്ന് എഫ്.ഐ.ആർ നോക്കിയാൽ അറിയാം. മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് വരുത്തിത്തീർക്കുന്നത് പൊലീസിന്റെ താത്‌പര്യമാണ്. ചീഫ് സെക്രട്ടറിയും പൊലീസിന്റെ വാദം ഏറ്റെടുക്കുകയാണ് ഉണ്ടായത്. കാനം പറഞ്ഞു.

രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടതെന്നും പശ്ചിമഘട്ട മേഖലയിൽ കാര്യമായ മാവോയിസ്റ്റ് ഭീഷണി ഇല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എഴുന്നേറ്റ് നിൽക്കാൻ സാധിക്കാത്തവരെയാണ് കൊടും ഭീകരരായി ചിത്രീകരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുന്നത് എങ്ങനെയാണ് കുറ്റമാകുന്നത്? ഈ പ്രവണത നിശ്ചയമായും ചെറുക്കപ്പെടേണ്ടതാണ്. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികൾ രാജ്യവ്യാപകമാകെ ഇടതുപക്ഷത്തെ ദുർബലമാക്കുമെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് മാത്രമല്ല അഖിലേന്ത്യാ തലത്തിലും സി.പി.ഐയും സി.പി.എമ്മും യു.എ.പി.എക്കെതിരാണെന്നും യു.എ.പി.എ പ്രകാരം ഇന്ത്യയിലെ ജയിലുകളിൽ കിടക്കുന്ന ഭൂരിഭാഗം പേരും മുസ്ലിം ചെറുപ്പകാരണെന്ന കാര്യം താൻ പറഞ്ഞിട്ടുള്ളതാണെന്നും അതെല്ലാ ഇടതുപക്ഷ പാർട്ടികളും പറയുന്ന കാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോവാദികളുമായി ബന്ധമുള്ളതിന് തെളിവ് പൊലീസിന്റെ പക്കലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മാവോയിസ്റ്റുകൾക്കെതിരെയുള്ള കേരള സർക്കാർ നടപടിക്ക് അനുകൂലമായാണ് പ്രതികരിച്ചത്.