shafi-parambil

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എയുടെ നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യു. കെ.എസ്.യു പ്രസിഡന്റായ അഭിജിത്തിനും പൊലീസ് നടപടിയിൽ കാര്യമായി പരിക്കേറ്റിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സമരം സമാധാനപരമായി അവസാനിക്കണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും സംഘർഷത്തിലേക്ക് പോകരുതെന്ന് താൻ പൊലീസിനോട് പറഞ്ഞിരുന്നതായും കോൺഗ്രസ് എം.എൽ.എ പറഞ്ഞു. പ്രവർത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കാൻ താൻ ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ പറഞ്ഞു.

കേരള സർവകലാശാലയിൽ ഉണ്ടായ മാർക്ക് ദാന ക്രമക്കേടിൽ പ്രതിഷേധിച്ച് നടന്ന നിയമസഭാ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്. ഇതിനിടയിൽ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പൊലീസിന്റെ കൈയിൽ നിന്നും പരിക്കേൽക്കുകയായിരുന്നു. സംഭവം പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പ്രതിപക്ഷത്തിന് ഉറപ്പ് നൽകി. ഷാഫി പറമ്പിലിന് ചികിത്സ വൈകിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. അറസ്റ്റ് ചെയ്ത് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയ ഷാഫിയെ പിന്നീടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം, വാളയാർ സഹോദരിമാരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി മാർക്ക് ലിസ്റ്റ് കുംഭകോണത്തിലും മാർക്ക് ദാനത്തിലും സർക്കാർ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ മാർച്ചിനുനേരെയാണ് പൊലീസ് ലാത്തിചാർജ് നടത്തിയത്. പൊലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിലിന്റെ തലയിലൂടെ രക്തം വാർന്നൊലിച്ചു.