
സ്വീഡൻ: വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഉൾപ്പെട്ട ലൈംഗികപീഡന പരാതിയിലുള്ള അന്വേഷണം സ്വീഡൻ നിറുത്തിവച്ചതായി റിപ്പോർട്ട്. അസാൻജ് തങ്ങളെ ലൈെംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് സ്വീഡൻ സ്വദേശികളായ രണ്ട് വനിതകളാണ് പരാതി നൽകിയത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു.എസ് നടത്തിയ രഹസ്യ പ്രവർത്തനങ്ങൾ പുറത്തുവിട്ടതോടെ അമേരിക്കയുടെ നോട്ടപുള്ളിയായ ജൂലിയൻ അസാൻജ്, 2010 ഡിസംബറിൽ ബ്രിട്ടീഷ് പോലീസിൽ കീഴടങ്ങി. ഡിസംബർ 16ന് ഉപാധികളോടെ കോടതി ജാമ്യം നൽകി. 2012 ലാണ് ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയംതേടിയത്. എന്നാൽ പിന്നീട് എക്വഡോർ അസാൻജിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഉപാധികൾ ലംഘിച്ച അസാൻജിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിട്ടനിലെ ജയിലിൽ കഴിയുകയാണ് ഇപ്പോൾ അസാൻജ്.
കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന നിലയിൽ നിന്നാണ് അദ്ദേഹം മാദ്ധ്യമസ്ഥാപനമായ വിക്കീലീക്സിലൂടെ ലോകമറിയുന്ന വ്യക്തിയായി വളർന്നത്. 2011 ഫെബ്രുവരിയിൽ സിഡ്‌നി സമാധാനപുരസ്കാരമായ ഗോൾഡ് മെഡൽ ഉൾപ്പെടെ വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് നിരവധി മാദ്ധ്യമ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പൗരനാണ് അദ്ദേഹം.