മത്സരിച്ച മൂന്നിനങ്ങളിലും റെക്കാഡ് സ്വർണവുമായി ആൻസി സോജൻ
കണ്ണൂർ: വ്യക്തിഗത ഇനത്തിൽ മത്സരിച്ച മൂന്നിനങ്ങളിലും റെക്കാഡ് സ്വർണവും റിലേയിലെ വെള്ളിയുമായി ആൻസി സോജൻ സംസ്ഥാന സ്കൂൾ കായിക മേളയുടെ പോരാട്ട ഭൂമിയിൽ നിന്ന് റാണിയായി മടങ്ങുന്നു. നാട്ടിക ഗവൺമെന്റ് ഫിഷറീസ് എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൻസി മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്സിറ്രി സ്റ്രേഡിയത്തിൽ നിന്ന് 100,200 മീറ്രറുകളിലും ലോംഗ് ജമ്പിലുമാണ് റെക്കാഡ് നേട്ടം സ്വന്തമാക്കിയത്. റിലേയിൽ തൃശൂർ ടീമിനൊപ്പം ഇറങ്ങി വെള്ളിയും സ്വന്തമാക്കി.
ഇത്തവണത്തെ തന്റെ ആദ്യ ഇനമായ ലോംഗ് ജമ്പിൽ 6.24 മീറ്രർ ചാടി ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ദേശീയ റെക്കാഡിനെ മറികടക്കുന്ന പ്രകടനത്തോടെയാണ് മീറ്ര് റെക്കാഡ് സ്ഥാപിച്ചത്. 200 മീറ്ററിൽ 24.53 സെക്കൻഡിലും 100 മീറ്രറിൽ 12.05 സെക്കൻഡിലുമാണ് ആൻസി റെക്കാഡ് വേഗം കുറിച്ചത്.
ദേശീയ ജൂനിയർ മീറ്റിനിടെയേറ്ര പരിക്ക് പൂർണമായി ഭേദമാകാതെയാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കാനിറങ്ങിയത്. കഴിഞ്ഞ വർഷവും പരിക്കിനെ അതിജീവിച്ചായിരുന്നു ആൻസി നേട്ടം കൊയ്തത്. നാട്ടിക സ്പോർട്സ് അക്കാഡമിയിലെ കണ്ണന്റെ കീഴിലാണ് പരിശീലനം. എല്ലാ മീറ്രിലും നിഴൽ പോലെ ഒപ്പമുള്ള ആട്ടോ ഡ്രൈവറായ പിതാവ് സോജന്റെ പ്രോത്സാഹനവും കരുതലുമാണ് ആൻസിയുടെ കുതിപ്പിന് പിന്നിലെ ഊർജ്ജം.
2013ൽ മഹാരാജാസ് ഗ്രൗണ്ട് വേദിയായ സംസ്ഥാന സ്കൂൾ അത്‌ലറ്രിക് മീറ്രിലാണ് അരങ്ങേറ്രം
ഇതുവരെ
9 സ്വർണം
2 വെള്ളി
2 വെങ്കലം