പനാജി .അമ്പതാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് (ഇഫി)വിഖ്യാത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ ക്ഷണിക്കാത്തതെന്താണെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഇഫി സംഘാടകർ.
ഇന്നലെ വൈകിട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ,ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അടൂരടക്കം ഇന്ത്യൻ സിനിമയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയവരെ അമ്പതാം വാർഷികത്തിൽ അവഗണിച്ചെതെന്താണെന്ന ചോദ്യത്തിന് ഫെസ്റ്റിവൽ ഡയറക്ടർക്ക് മറുപടി പറയാനാവാതെ വന്നത്.അത് പരിഗണിക്കുമെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. 1952 ൽ ആരംഭിച്ച ഫെസ്റ്റിവൽ ഇപ്പോൾ അമ്പതാം വാർഷികം ആഘോഷിക്കുന്നതെങ്ങനെയെന്ന അടൂരിന്റെ ചോദ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അമ്പതാമത്തെ എഡിഷനാണെന്നും വർഷമല്ലെന്നും ചൈതന്യപ്രസാദ് പറഞ്ഞു.
നേരത്തേ കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിലാണ് അടൂർ ഇഫി സംഘാടകർക്കെതിരെ നിശിത വിമർശനമുയർത്തിയത്.52 ൽ ആരംഭിച്ച മേള 1965 മുതൽ മുടങ്ങാതെ നടക്കുന്നുണ്ടെന്നും ആ രീതിയിലും അമ്പതാം വാർഷികമാവില്ലെന്നായിരുന്നു അടൂർ അന്ന് പറഞ്ഞത്.
ഉദ്ഘാടനം
താരനിബിഡം
ഇന്ന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് താരനിബിഡമായിരിക്കും.അമിതാഭ് ബച്ചൻ,രജനീകാന്ത്,രമേശ് സിപ്പി,ഫ്രഞ്ച് നടി ഇസബല്ല ഊപ്പർട്ട്,പ്രിയദർശൻ,മാധുരി ദീക്ഷിത്,കരൻ ജോഹർ തുടങ്ങി വാണിജ്യ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.ദാദാ സാഹിബ്ബ് ഫാൽക്കേ അവാർഡ് ബച്ചനും ഇഫി സുവർണജൂബിലി അവാർഡ് രജനീകാന്തും ഏറ്റുവാങ്ങും.കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ മുഖ്യാതിഥിയായിരിക്കും.
7000 പ്രതിനിധികൾ
ചെലവ് 18 കോടി
ചലച്ചിത്രോത്സവത്തിന് 9300 പേർ രജിസ്റ്റർ ചെയ്തതിൽ 7000 പേർ ഉറപ്പായും പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി സാവന്ത് അറിയിച്ചു.18 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കുറി പേപ്പർലെസ്സ് ടിക്കറ്റാവും പ്രതിനിധികൾക്ക് സിനിമ കാണാൻ ലഭിക്കുക.മൊബൈൽ ഫോണിലൂടെ ടിക്കറ്റ് റിസർവേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.പനാജിക്കു പുറമെ പോർവാറിമിൽ മൂന്ന് തിയേറ്ററുകൾ കൂടി മേളയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്.പനാജിയിൽ നിന്ന് അഞ്ച് കിലോമിറ്റർ അകലെയാണിത്.