sabarimala-udf-

ശബരിമല:മണ്ഡലകാലം തുടങ്ങി മൂന്ന് ദിവസം പിന്നിട്ടിട്ടും ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള യു.ഡി.എഫ് എം.എൽ.എമാരുടെ സംഘം വിലയിരുത്തി. നിലയ്ക്കലും, പമ്പയിലും സംഘം സന്ദർശിച്ചു.വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങളിൽ പോലും സർക്കാർ ഇടപെട്ടിട്ടില്ല.

പമ്പയിലെ ടൊയ്ലറ്റ് ബ്ലോക്കുകൾക്ക് മുന്നിൽ വെള്ളം കെട്ടിനിൽക്കുന്നു. നടപ്പന്തൽ ചോർന്നൊലിക്കുന്നു. പ്രളയത്തിൽ തകർന്ന രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥലത്ത് താത്കാലികമായി നിർമ്മിച്ച പന്തലിൽ അയ്യപ്പഭക്തർക്ക് വിരിവയ്ക്കാൻ സൗകര്യങ്ങൾ പരിമിതമാണ്. ടോയ്ലറ്റുകൾ വൃത്തിഹീനമാണ്. കുടിവെളള വിതരണം പരിമിതമായ തോതിലാണ്. പ്രളയം കഴിഞ്ഞ് ഒരു വർഷവും നാല് മാസവും കിട്ടിയിട്ടും സൗകര്യങ്ങളേർപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല.

പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

എം.എൽ.എ മാരായ വി.എസ്.ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ്, ഡോ: ജയരാജ്, പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.