കോട്ടയം: മോഷണം ഉണ്ടായതിനെ തുടർന്ന് അത് തടയാൻ സ്ഥാപിച്ച ക്യാമറയുമായി മുങ്ങി കള്ളൻ. കോട്ടയം ജില്ലയിലെ പൊത്തൻപുറം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിക്കടുത്താണ് സംഭവം. പള്ളിക്കടുത്ത് സ്ഥിതി ചെയ്യുന്ന ബ്ലോസം വാലി സ്‌കൂൾ ഒഫ് എയ്ഞ്ചൽസിൽ സ്ഥാപിച്ച ക്യാമറയാണ് കള്ളൻ അടിച്ചുമാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ആഗസ്റ്റ് മാസമാണ് സ്‌കൂളിൽ മോഷണം നടക്കുന്നത്. തുടർന്ന് ഇത് തടയാൻ അധികൃതർ ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. നാലു ക്യാമറളാണ് സ്‌കൂളിൽ സ്ഥാപിച്ചിരുന്നത്. മോഷണം നടത്താനെത്തിയ കള്ളൻ രണ്ട് ക്യാമറകൾ മുകളിലേക്ക് തിരിച്ച് വച്ച ശേഷം മൂന്നാമത്തെ ക്യാമറയുമായി കടന്നുകളയുകയായിരുന്നു.
മുൻപുണ്ടായ മോഷണക്കേസിൽ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീണ്ടും സ്‌കൂളിൽ മോഷണം നടന്നത്. അതേസമയം സ്‌കൂളിന് പുറത്ത് സ്ഥാപിച്ചിരുന്ന നാലാമത്തെ ക്യാമറയിൽ മുഖം മൂടി ധരിച്ചെത്തിയ ഒരു കള്ളന്റെ രൂപം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ഉൾപ്പടുത്തി സ്‌കൂൾ അധികൃതർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തിൽ നടന്ന മോഷണത്തിൽ കള്ളൻ സ്‌കൂളിന്റെ ഗേറ്റും പൂട്ടുകളും തകർത്തായിരുന്നു അകത്ത് കടന്നത്. സ്‌കൂളിലെ മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട മോഷ്ടാവ് പണവും ലാപ്‌ടോപ്പുമാണ് അന്ന് കവർന്നത്. ഓഫീസിന്റെ പൂട്ടുതുറക്കാൻ ശ്രമിച്ച കള്ളന് പക്ഷെ അതിന് സാധിച്ചിരുന്നില്ല.