eldho

നെടുമ്പാശേരി: അത്താണിയിൽ നടുറോഡിൽ ഗുണ്ടാസംഘത്തലവൻ നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ ബിനോയിയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. നെടുമ്പാശേരി മേക്കാട് സെന്റ് മേരീസ് പള്ളിക്ക് സമീപം നമ്പ്യാരത്ത് പാറയിൽ വെള്ള എന്ന് വിളിക്കുന്ന എൽദോ ഏലിയാസ് (29) ആണ് ഇന്നലെ അറസ്റ്റിലായത്.

പ്രതികളായ മേക്കാട് മാളിയേക്കൽ അഖിൽ (25), നിഖിൽ (22), മേക്കാട് മാളിയേക്കൽ അരുൺ (22), പൊയ്ക്കാട്ടുശേരി വേണാട്ടുപറമ്പിൽ ജസ്റ്റിൻ (28), കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് ജിജീഷ് (38) എന്നിവരാണ് തിങ്കളാഴ്ച പിടിയിലായത്. ഇവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് ഏൽദോ. ഇവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി വിനു വിക്രമൻ, രണ്ടാം പ്രതി ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിൻഡേഴ്‌സ് എന്നിവരെ പിടികൂടാനായി പൊലീസ് തമിഴ്നാട്ടിൽ മൂന്ന് സ്ക്വാഡുകളായി തെരച്ചിൽ നടത്തുകയാണ്. പ്രതികളുടെ രഹസ്യഫോൺ നമ്പറുകൾ ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം.

കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബിനോയിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നെടുമ്പാശേരി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.