വിനോദയാത്രയ്ക്ക് പോയ കുട്ടികൾ ഓടുന്ന ബസിന്റെ ഗിയർമാറ്റി മാറ്റി കളിച്ച സംഭവത്തിൽ ഡൈവർക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. വയനാട് കൽപ്പറ്റ സ്വദേശിയായ എം. ഷാജി എന്നയാളുടെ ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ മറ്റൊരു ഡൈവറുടെയും ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദ് ചെയ്തിരിക്കുകയാണ്. പാട്ടുപാടി വണ്ടിയോടിച്ച ഡൈവർക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്' എന്ന കുറിപ്പോടെ ഡ്രൈവർ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ പങ്കുവച്ചാണ് പൊലീസ് രംഗത്തെത്തിയത്. ഇത്തരം പ്രവണതകൾക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ട്രോളിലൂടെ പൊലീസ് നൽകുന്നത്. ഗോവയിലേക്കുള്ള ടൂറിനിടെ വിദ്യാർത്ഥിനികൾ ഗിയർ മാറ്റിയതിനെ തുടർന്നാണ് എം. ഷാജി റദ്ദാക്കിയത്. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസോടിക്കുമ്പോൾ ഗിയർ മാറ്റുന്നത് കാബിനിൽ കയറിയ പെൺകുട്ടികളാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ആരോ പകർത്തുകയും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് നടപടിയെടുത്തത്.