എയർടെല്ലിനും വോഡാഫോണിനും പിറകെ ഡാറ്റ, കോൾ ചാർജുകൾ വർദ്ധിപ്പിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. ഏതാനും ആഴ്ചകൾക്കുളിൽ ജിയോയുടെ ചാർജ് വർദ്ധനവ് നിലവിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. ഭാർതി എയർടെല്ലും വോഡാഫോണും ചാർജ് വർദ്ധിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഒരു ദിവസത്തിനുള്ളിലാണ് ജിയോയുടെ പ്രഖ്യാപനം വരുന്നത്. ചാർജുകളിൽ മാറ്റം വരുത്തുന്നതിനായി ടെലികോം അതോറിറ്റി ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൂടിക്കാഴ്ചകൾക്കായുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ജിയോ അറിയിച്ചു. 'ഉചിതമായ' രീതിയിലാകും തങ്ങൾ ഡാറ്റയ്ക്കും കോളിനും വില കൂട്ടുക എന്നും അത് ഡാറ്റ വിനിയോഗത്തെ കാര്യമായി ബാധിക്കില്ലെന്നും ജിയോ പറയുന്നു.
ഡിജിറ്റൽ മാർഗങ്ങളിലേക്ക് മാറുന്നതിന് വില വർദ്ധനവ് തടസ്സമാകില്ലെന്നും നിക്ഷേപങ്ങളെ അത് ബാധിക്കില്ലെന്നും ജിയോ കൂട്ടിച്ചേർത്തു. മൊബൈൽ രംഗത്തെ മറ്റേത് ഓപറേറ്ററെയും പോലെ തങ്ങളും കേന്ദ്ര സർക്കാരിനൊപ്പം പ്രവർത്തിക്കുമെന്നും സംവിധാനങ്ങളോട് കീഴ്പ്പെടുമെന്നും ഉപഭോക്താക്കൾക്ക് ഗുണകരമായ രീതിയിൽ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുമെന്നും ജിയോ പറഞ്ഞു. അടുത്ത മാസം ഒന്നാം തീയതി തൊട്ട് തങ്ങൾ വിലവർദ്ധനവ് നടപ്പാക്കും എന്നാണ് എയർടെല്ലും വോഡാഫോണും അറിയിച്ചിരിക്കുന്നത്. സെപ്തംബർ 19 വരെയുള്ള കണക്ക് പ്രകാരം ഇരു കമ്പനികൾക്കും ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 74,000 കോടി രൂപയുടെ നഷ്ടമാണ് ഇരു കമ്പനികളും രേഖപ്പെടുത്തിയിരിക്കുന്നത്.