shivasena-bjp

മുംബയ്: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി ശിവസേന. സർക്കാർ രൂപീകരിക്കുന്നതിനായി എൻ.സി.പിയും കോൺഗ്രസും തമ്മിൽ തങ്ങൾ ചർച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും നിലവിൽ ബി.ജെ.പിയുമായാണ് ശിവസേന ബന്ധം പുലർത്തുന്നതെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 50: 50 ശതമാനം ഫോർമുലയിൽ പദവികൾ നൽകാൻ തയാറായിക്കൊണ്ട് തങ്ങളെ ക്ഷണിക്കുകയാണെങ്കിൽ ബി.ജെ.പിയുമായി വീണ്ടും സഖ്യം സ്ഥാപിക്കാൻ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്നാണ് ശിവസേനാ വൃത്തങ്ങൾ രഹസ്യമായി പറയുന്നത്.

തങ്ങളെ തഴഞ്ഞ് എൻ.സി.പിയുമായി ബി.ജെ.പി സഖ്യത്തിന് ശ്രമിക്കുന്നു എന്ന ശക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് ശിവസേന ചുവടുമാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം. ശിവസേന-എൻ.സി.പി- കോൺഗ്രസ് സഖ്യത്തെക്കുറിച്ച് ശിവസേനയ്ക്ക് ഉണ്ടായിന്ന ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചതും ബി.ജെ.പിയുമായി വീണ്ടും ഒരു സഖ്യത്തെക്കുറിച്ച് ആലോചിക്കാൻ കാരണമായി. അധികാരത്തിനായി എൻ.സി.പിയോടൊപ്പം ചേർന്നുകൊണ്ട് തങ്ങളെ ബി.ജെ.പി ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന സംശയവുംബി.ജെ.പിയുമായി സഖ്യം ചേരാൻ ശിവസേനയെ പ്രേരിപ്പിച്ചുവെന്ന് കരുതപ്പെടുന്നു. ശിവസേന മുന്നേറുന്നത് തടയാനായാണ് ബി.ജെ.പി എൻ.സി.പിയുമായി സഖ്യം ചേരാൻ ശ്രമിക്കുന്നതെന്നാണ് ശിവസേനാ വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നത്.