തിരുവനന്തപുരം : കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും തിരുത്തിക്കുറിക്കപ്പെടാത്ത ഒരു റെക്കാഡിന്റെ ഉടമയാണ് ഇന്നലെ കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും മുൻ അത്ലറ്റുമായ എം.ബി. സദാശിവൻ.
1994ലെ സംസ്ഥാന അത്ലറ്റിക് മീറ്റിൽ സദാശിവൻ ലോംഗ്ജമ്പിൽ കുറിച്ച 7.94 മീറ്റർ എന്ന റെക്കാഡാണ് ഇപ്പോഴും തിരുത്തപ്പെടാത്തത്. അടിമാലിയിൽ നിന്ന് കായിക പ്രതിഭകൊണ്ട് ദേശീയ ചാമ്പ്യനായി ഉയർന്ന സദാശിവനെ 1990കളിൽ കേരളപൊലീസ് ഒപ്പം കൂട്ടുകയായിരുന്നു.
ദേശീയ മത്സരങ്ങളിൽ മികവ് കാട്ടിയിരുന്ന താരങ്ങൾക്ക് ജോലിനൽകാൻ മടികാട്ടാതിരുന്ന അന്നത്തെ പൊലീസ് സദാശിവനൊപ്പം നിരവധി പേരെ ഒപ്പം കൂട്ടിയിരുന്നു.
ജോലിയിൽ കയറിയതിന് ശേഷവും കായികരംഗത്ത് സജീവമായി തുടർന്ന സദാശിവൻ സദാശിവൻ അന്താരാഷ്ട്ര തലത്തിൽ വരെ കേരള പൊലീസിന്റെ ഖ്യാതി കേൾപ്പിച്ച് ലോക പൊലീസ് മീറ്റിൽ സ്വർണം നേടി. നിരവധി തവണ ദേശീയ പൊലീസ് മീറ്റിലും ചാമ്പ്യനായി.