പഴമക്കാരുടെ ഔഷധച്ചെടികളിൽ പ്രധാന സ്ഥാനമുണ്ടായിരുന്നു ആനച്ചുവടിക്ക്. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പല ഘടകങ്ങളുമുണ്ട് ഈ സസ്യത്തിൽ. ഇതിന്റെ ഇല ഒൗഷധമൂല്യമേറിയതാണ്. വേര് ഉൾപ്പെടെയും ഉപയോഗിക്കാറുണ്ട്. പ്രമേഹം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രണ വിധേയമാക്കുന്ന പ്രകൃതിദത്ത മരുന്നാണിത്.
ദഹനപ്രക്രിയ സുഗമമാക്കുകയും അസിഡിറ്റി, ഗ്യാസ് എന്നിവയെ ഇല്ലാതാക്കുകയും ചെയ്യും. പലതരം ആമാശയ രോഗങ്ങൾക്കും മരുന്നാണിത്. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനുള്ള കഴിവുണ്ട്. ഭക്ഷ്യവിഷബാധയേറ്റാൽ ആനച്ചുവടിയുടെ നീരെടുത്ത് കഴിക്കുക. വേഗത്തിൽ ശമനമുണ്ടാകും. മൂത്രാശയരോഗങ്ങൾക്ക് പ്രതിവിധിയാണ് ആനച്ചുവടിയുടെ ഇലയും വേരും ചതച്ച് നീരെടുത്ത് ജീരകം ചേർത്ത് തയാറാക്കുന്ന കഷായം. ആർത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ പരിഹരിക്കും. ഇല തണലത്തു വച്ച് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്റോഗത്തെ പ്രതിരോധിക്കുകയും ചെയ്യും. ഇരുമ്പ് സമ്പുഷ്ടമായതിനാൽ ആനച്ചുവടി വിളർച്ച പരിഹരിക്കും.