കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ തലശേരി സബ്കളക്ടർ ആസിഫ് കെ.യൂസഫിനെതിരെ എറണാകുളം കളക്ടർ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോർട്ട്. ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയാണ് ഐ.എ.എസ് നേടിയതെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയമാണ് അന്വേഷണം ആവശ്യപ്പെട്ടത്.
പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയാകണമെന്നാണ് ഒ.ബി.സി സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ, ആസിഫ് പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമുമ്പുള്ള മൂന്ന് വർഷവും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലാണെന്നാണ് എറണാകുളം കളക്ടർ കണ്ടെത്തിയിരിക്കുന്നത്.
ആസിഫിന്റെ മാതാപിതാക്കളുടെ വാർഷിക വരുമാനമടക്കം അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാർഷിക വരുമാനം 1,80,000 എന്ന് ആസിഫ് കാണിച്ച വർഷത്തിൽ 21 ലക്ഷത്തിന് മുകളിലാണ് യഥാർത്ഥ വരുമാനം. മറ്റു വർഷങ്ങളിലും 23-25 ലക്ഷങ്ങളുടെ വരുമാനമുണ്ട്. ക്രീമിലിയർ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാൻ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് കളക്ടർ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയർ പരിധിയിൽപ്പെടാത്ത ഉദ്യോഗാർത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐ.എ.എസ് ലഭിച്ചത്.