കോഴിക്കാട്: മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ രംഗത്തെത്തി. മുസ്ലീം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്നും എൻ.ഡി.എഫിനെയും പോപ്പുലർഫ്രണ്ടിനെയും ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. "തന്റെ പരാമർശം എൻ.ഡി.എഫിനും പോപ്പുലർ ഫ്രണ്ടിനുമെതിരെയാണ്. പന്തീരാങ്കാവ് സംഭവത്തിൽ ഈ സംഘടനകൾക്ക് സ്വാധീനമുണ്ട്. മുസ‌്‌ലീം ലീഗ് എന്തിനാണ് എൻ.ഡി.എഫിനെ ന്യായീകരിക്കുന്നത്? പറഞ്ഞത് യാഥാർത്ഥ്യം. കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും" പി.മോഹനൻ പറഞ്ഞു.
"ഇസ്ലാമിക തീവ്രവാദം എന്നത് എല്ലാവരും ഉപയാഗിക്കുന്ന വാക്കാണ്. എൻ.ഡി.എഫിനെയും പോപ്പുലർഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചത്. അവരെയാണ് വിമർശിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിൽ എല്ലാ തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഉൾപ്പടെ എല്ലാവരും ചേർന്ന് മഹാസഖ്യമുണ്ടാക്കി. ബംഗാളിലെ ഗവൺമെന്റിനെ പൊളിക്കാനും ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുമായിരുന്നു. അത് കേരളത്തിലും പ്രയോഗിക്കാനുള്ള നീക്കമാണെ"ന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോട്ടെ ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളാണെന്നായിരുന്നു മോഹനൻ കഴിഞ്ഞദിവസം പറഞ്ഞത്. താമരശേരിയിൽ ഒരു സമ്മേളനത്തിലാണ് പി മോഹനൻ വിവാദ പ്രസംഗം നടത്തിയത്. "മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് കോഴിക്കോട്ടെ മുസ്ളിം തീവ്രസംഘടനകളാണ്. ഇസ്ളാമിക് തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതും അവരെ കൊണ്ട് നടക്കുന്നതും. അവർ തമ്മിൽ ചങ്ങാത്തമുണ്ട്. വെറും ചങ്ങാത്തമല്ല. മാവോയിസ്റ്റുകളെക്കുറിച്ച് പറയുമ്പോൾ എൻ.ഡി.എഫിനും മറ്റ് ഇസ്ളാമിക മത മൗലികവാദികൾക്കുമെല്ലാം എന്ത് ആവേശമാണ്. ഇതെല്ലാം പൊലീസ് പരിശോധിക്കണം" എന്നായിരുന്നു അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കിയത്. പരാമർശത്തിനെതിരെ മുസ്ലീംലീഗ് രംഗത്തെത്തിയിരുന്നു.