ഭോപ്പാൽ: അമ്മയെയും സഹോദരിയെയും സഹോദരന്റെ ഭാര്യയെയും നിരന്തരം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തി. യുവാവ് മദ്യ ലഹരിയിലെത്തി അമ്മയെയും സഹോദരിയെയും സഹോദരന്റെ ഭാര്യയെയും നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ ദാതിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യുവാവിന്റെ കുടുംബാംഗങ്ങളായ നാല് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
24കാരനായ യുവാവിന്റെ മൃതദേഹം നവംബർ 12ന് ഗോപാൽദാസ് മേഖലയിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യപാനിയായ ഇയാൾ മൂലം കുടുംബത്തിന് വലിയ പ്രയാസം ഉണ്ടായിരുന്നെന്ന് വ്യക്തമായത്. തുടർന്നാണ് കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തത്.
യുവാവിന്റെ പീഡനം മൂലം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു കുടുംബാംഗങ്ങൾ. അമ്മയേയും സഹോദരിയേയും സഹോദര ഭാര്യയേയും ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. നവംബർ 11ന് മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഇളയ സഹോദരന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് മരിച്ച യുവാവിന്റെ പിതാവ് പറയുന്നു.
"അമ്മയേയും, സഹോദരിയേയും സഹോദരന്റെ ഭാര്യയേയും അവൻ നിരന്തരം ബലാത്സംഗം ചെയ്തിരുന്നു. എന്നാൽ, അന്ന് അവനെ ഞങ്ങൾ കൊന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോപാൽദാസ് മേഖലയിൽ കൊണ്ടുപോയി ഉപേക്ഷിച്ചു- പിതാവ് പറഞ്ഞു'. യുവാവിന്റെ പിതാവ്, മാതാവ്, ഇളയ സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.