വിശാഖപട്ടണം : ആന്ധ്രയുടെ മുഖച്ഛായ മാറ്റുന്ന 2200 കോടിയുടെ പദ്ധതി പിൻവലിച്ചതിന് പിന്നാലെ ആന്ധ്രയിൽ ഭാവിയിൽ യാതൊരു വിധ നിക്ഷേപങ്ങൾക്കും തങ്ങളില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് അന്താരാഷ്ട്ര മികവിൽ കൺവെൻഷൻ സെന്റർ നിർമ്മിക്കാൻ ലുലു ഗ്രൂപ്പിന് അനുവദിച്ചു കിട്ടിയ പദ്ധതി വൈ. എസ്.ആർ കോൺഗ്രസ് അധികാരമേറ്റതോടെ സർക്കാർ പിൻവലിച്ചിരുന്നു. ചന്ദ്രബാബു നായിഡു സർക്കാരിന്റെ കാലത്താണ് ലുലു ഗ്രൂപ്പിന് പദ്ധതിക്കായി അനുമതി ലഭിച്ചത്. എന്നാൽ ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റതോടെ മുൻ സർക്കാരിന്റെ കാലത്തെടുത്ത പല തീരുമാനങ്ങളും റദ്ദാക്കിയതിനൊപ്പമാണ് ലുലുവിന്റെ പദ്ധതിയും വെട്ടിയത്.
യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വ്യവസായി യൂസഫലിയെ ആന്ധ്രയിൽ നിക്ഷേപിക്കുവാൻ മുൻ ചന്ദ്രബാബു നായിഡു സർക്കാരിന്റെ കാലത്ത് ക്ഷണിച്ചത് പ്രകാരമാണ് അവിടെ കൺവെൻഷൻ സെന്റർ പണിയുവാൻ ലുലു ഗ്രൂപ്പ് തീരുമാനിച്ചത്. 2200 കോടിയുടെ പദ്ധതിയിൽ കൺവെൻഷൻ സെന്ററിനൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലുകളും ഷോപ്പിംഗ് മാളും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ഏഴായിരത്തോളം പ്രാദേശവാസികൾക്ക് നേരിട്ട് ജോലി ലഭിക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ വൈരം മൂലമുള്ള ഒറ്റ തീരുമാനത്തിലൂടെ ജഗൻ മാറ്റിവച്ചത്. പദ്ധതിയ്ക്കായി വളഞ്ഞ വഴികൾ തങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും, തികച്ചും സുതാര്യമായ നടപടികളാണ് കൈക്കൊണ്ടിരുന്നതെന്നും ലുലുഗ്രൂപ്പ് ഇന്ത്യൻ ഡയറക്ടർ ആനന്ദ് റാം അറിയിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി കോടികൾ ഇതിനകം ചെലവഴിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ലുലുവിന്റെ പുതിയ ഒരു പദ്ധതിയും ഇനി ആന്ധ്രയിലേക്ക് എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ മുപ്പതിനാണ് ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്റർ നിർമ്മിക്കുവാൻ വിശാഖപട്ടണത്ത് ഭൂമി അനുവദിച്ച മുൻസർക്കാർ തീരുമാനം മരവിപ്പിക്കുവാൻ ജഗൻ മോഹൻ റെഡ്ഡി തീരുമാനിച്ചത്.