സ്വർണരൂപത്തിൽ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണ വേട്ടയ്ക്ക് നടപടികളുമായി മോദി സർക്കാർ തയാറെടുക്കുകയാണെന്ന മാദ്ധ്യമ വാർത്തകൾ പടർന്നിരുന്നു. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കപ്പെടുമെന്നും, അതിനപ്പുറം കയ്യാളുന്നവർക്ക് അത് വെളിപ്പെടുത്താനും, 30 33 ശതമാനം നിരക്കിൽ നികുതി അടച്ച് ശിക്ഷാനടപടികളിൽ നിന്നൊഴിവാകാനുമുള്ള അവസരം ഉണ്ടാക്കുമെന്നും, അതിന് മുതിരാത്തവരുടെ അധിക കനക ശേഖരം കണ്ടുകെട്ടുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ. വാർത്ത വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും, ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിലും, വലിയൊരു ശതമാനം ജനവിഭാഗത്തിന് കടുത്ത ഷോക്കായിത്തീർന്ന വാർത്തയായിരുന്നു അത്. അതുകൊണ്ടുതന്നെ, ഒട്ടുമിക്ക ജനങ്ങളുടെയും പ്രേമഭാജനമായിട്ടുള്ള സ്വർണത്തിന്റെ പരിധിയെക്കുറിച്ച് വ്യക്തത വരുത്തുന്നതിനും, കൂടുതലായുള്ള സ്വർണ നിയന്ത്രണം അനിവാര്യമാണോയെന്ന് അന്വേഷിക്കുന്നതിനും സാംഗത്യമുണ്ട്.
കേന്ദ്രസർക്കാർ, പുതുതായി കൊണ്ടുവരുമെന്ന് പ്രചരിപ്പിക്കപ്പെട്ട സ്വർണപരിധി യഥാർത്ഥത്തിൽ പുതിയൊരു നിയന്ത്രണമൊന്നുമല്ല, അത് ഇപ്പോൾ നിലനിൽക്കുന്ന നിയമത്തിലെ ഒരു വകുപ്പ് തന്നെയാണ്. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവുകൾ നിർണയിച്ചിട്ടുള്ള നിലവിലെ ഔദ്യോഗിക രേഖകൾ രണ്ടെണ്ണമാണ്. 1994 ൽ ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനപ്പത്രമാണ് ആദ്യത്തേത്. അതിൻപ്രകാരം, ഒരാൾക്ക്, സ്വർണാഭരണങ്ങളും മറ്റ് ജുവലറികളും സ്വന്തമാക്കാൻ കഴിഞ്ഞ വരുമാന സ്രോതസുകളും, പാരമ്പര്യ വഴികളും രേഖകളാൽ വിശദീകരിക്കാൻ കഴിഞ്ഞാൽ, അയാൾക്ക് അവ എത്ര അളവിൽ വേണമെങ്കിലും സൂക്ഷിക്കാം. ഈ പൊതുനിയമത്തിന് രണ്ട് ഇളവുകളും രേഖ അനുവദിക്കുന്നുണ്ട്.
വിവാഹിതയായ വനിതയ്ക്ക് 500 ഗ്രാമും അവിവാഹിതയ്ക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാമും കൈവശം വയ്ക്കാം. അവ നേടിയ മാർഗത്തെക്കുറിച്ച് മതിയായ രേഖകൾ ആവശ്യമില്ല. മേൽപ്പറഞ്ഞ പരിധികൾക്കപ്പുറം സ്വർണം കൈവശമുണ്ടെങ്കിലും, അവ കുടുംബാചാരങ്ങളുടെ ഭാഗമായി ലഭിച്ചതാണെന്ന് പരിശോധനാ ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെടുകയാണെങ്കിൽ, അവ കണ്ടുകെട്ടാതെ വിട്ടുനൽകാനുള്ള വിവേചനാധികാരം അദ്ദേഹത്തിനുണ്ട്. സ്വർണ പരിധിയെക്കുറിച്ച് ഇന്നത്തേതിന് സമാനമായ ഒരു സംശയം ഉടലെടുത്ത 2016ൽ, അന്നത്തെ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പാണ്, ഇപ്പോൾ നിലനിൽക്കുന്ന, രണ്ടാമത്തെ രേഖ. 1994ൽ ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ച പരിധികളും, ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങളും, മാറ്റമൊന്നുമില്ലാതെ തുടരുകയാണെന്ന വസ്തുത വ്യക്തമാക്കുന്നതായിരുന്നു 2016ലെ വാർത്താക്കുറിപ്പ്. ഇങ്ങനെയൊരു നിലപാട്, മൂന്ന് വർഷം മുൻപ് സ്വീകരിച്ച അന്നത്തെ കേന്ദ്ര സർക്കാരിന്റെ തന്നെ തുടർച്ചയായ ഇന്നത്തെ ഭരണകൂടം സ്വർണ പരിധിക്കാര്യത്തിൽ ഉടനൊരു മാറ്റം വരുത്താൻ സാദ്ധ്യതയില്ല. 1994ലെയും 2016ലെയും നിലപാടിൽ ഉറച്ചുനിൽക്കുന്നതായിരിക്കും ഇന്നത്തെ സാഹചര്യത്തിൽ അഭികാമ്യം.
സ്വർണ നിയന്ത്രണത്തിനുള്ള സർക്കാർ നടപടികളൊന്നും ഫലം കാണാതെ പോയ ചരിത്രമാണ് നമ്മുടെ രാജ്യത്തിന്റേത്. (മറ്റു രാജ്യങ്ങളുടെ അനുഭവവും പൊതുവിൽ വേറിട്ടതല്ല, ആകെ വിജയിച്ചിട്ടുള്ളത്, മഹാമാന്ദ്യത്തിന്റെ കെടുതികളുടെ സാഹചര്യത്തിൽ, അമേരിക്കയിൽ പ്രസിഡന്റ് റൂസ് വെൽറ്റ്, 1933ൽ കൊണ്ടുവന്ന നിയന്ത്രണം മാത്രമാണ്). കൈവശം വയ്ക്കാവുന്ന സ്വർണത്തിന് കടുത്ത നിയന്ത്രണം ഇന്ത്യയിൽ വന്നത്, 1962ൽ ചൈനയുമായുള്ള സംഘർഷത്തിന്റെ സമയത്തായിരുന്നു. സംഗതി വിജയിക്കാതെ വന്നപ്പോൾ കൂടുതൽ നിയന്ത്രണങ്ങളുമായി 1963, 1965, 1968 എന്നീ വർഷങ്ങളിൽ നിയമങ്ങൾ കൊണ്ടുവന്നു. പക്ഷേ സ്വർണകള്ളക്കടത്തും സ്വർണരൂപത്തിലുള്ള കള്ളപ്പണവും വർദ്ധിച്ചത് മാത്രമായിരുന്നു ഫലം. ഗുണം നൽകാതെ പോയ 1968ലെ സ്വർണ നിയന്ത്രണ നിയമം, 1990ൽ പാർലമെന്റ് തന്നെ റദ്ദാക്കി. പിന്നീടാണ് കൂടുതൽ ഉദാരമായ നയം വന്നത്.
കള്ളപ്പണമായി സ്വർണം സൂക്ഷിക്കുന്ന ഒരു ന്യൂനപക്ഷത്തെ ഒഴിവാക്കിയാൽ, വലിയൊരു വിഭാഗവും സ്വർണം സ്വരൂപിക്കുന്നത് മോഹം കൊണ്ടും, ആചാരങ്ങളുടെ ഭാഗമായുമാണ്. അതിലുപരി, മറ്റ് പല നിക്ഷേപ മാർഗങ്ങളുടെയും പ്രഭ കെട്ടുപോയിരിക്കുന്ന വർത്തമാനകാലത്ത് കാഞ്ചനശോഭ കൂടുതൽ തെളിഞ്ഞുനിൽക്കുകയാണ്. നിക്ഷേപങ്ങളിലെ മുഖ്യനായ ബാങ്ക് സമ്പാദ്യങ്ങളുടെ കാര്യം പറയാം. ബാങ്കിലെ നിക്ഷേപത്തിന് ഇപ്പോൾ ലഭിക്കുന്ന പലിശയിൽ നിന്ന് വിലക്കയറ്റത്തിന്റെ നിരക്ക് കുറച്ചതിനു ശേഷം കിട്ടുന്ന യഥാർത്ഥ പലിശ നിരക്ക്, കാലാവധി അനുസരിച്ച്, 0.3 ശതമാനത്തിനും നാല് ശതമാനത്തിനും ഇടയ്ക്കാണ്. ഇതേസമയം, നമ്മുടെ രാജ്യത്ത് പവന് 2003ൽ 3000 രൂപ മാത്രമുണ്ടായിരുന്ന സ്വർണ വില ഉയർന്നു പൊങ്ങി, ഈ വർഷം ഡിസംബർ അവസാനം 30,000 രൂപ കടക്കുമെന്നാണ് പ്രവചനം. ഈ രംഗയോജനത്തിൽ, സ്വർണമെന്നത് നിക്ഷേപകരുടെ സുരക്ഷിത സ്വർഗമായിത്തീർന്നിരിക്കുകയാണ്. രാജ്യത്തെ വളർച്ചാനിരക്ക് മെല്ലെപ്പോകുന്ന ഈ അവസരത്തിൽ, ജനം നല്ല നിക്ഷേപമാർഗമായി കരുതുന്ന സ്വർണത്തിനുമേൽ കനത്ത നിയന്ത്രണങ്ങളുണ്ടായാൽ അത് രാജ്യത്തിന്റെ ധനവിപണിയിൽ കടുത്ത അലോസരത്തിനും ചാഞ്ചാട്ടത്തിനും ഇടയാക്കും. അത്, ഒഴിവാക്കുന്നതായിരിക്കും, സാമ്പത്തിക വളർച്ചയുടെ ഉയർന്ന തോത് തിരിച്ചുപിടിക്കാൻ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഉചിതമായ നടപടി.